Thursday, May 16, 2024
keralaNews

റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി എടുക്കും;മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. നാളെ സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.                                                                                                            സമരം മൂലം സര്‍ക്കാര്‍ നിശ്ചയിച്ച റേഷന്‍ വിതരണ സമയത്ത് കടകളില്‍ നിന്നും വിതരണം നടക്കാത്ത സാഹചര്യമുണ്ടായാല്‍ അതിനെ ഗൗരവമായികണ്ട് ബന്ധപ്പെട്ട റേഷന്‍ വ്യാപാരികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.                                                എന്നാല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിച്ചു കൊണ്ടുള്ള സമര പരിപാടികളില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.                                                                                          കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയുടെ നേതാക്കളുമായി ഇന്നലെ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘടന മുന്നോട്ടുവച്ചിട്ടുള്ള ചില ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായിട്ടുണ്ടെന്നും മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പരിഗണിക്കാമെന്നും മന്ത്രി സംഘടനാ നേതാക്കളെ അറിയിക്കുകയും സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.                                                                                                       എന്നാല്‍ ഇത് കണക്കിലെടുക്കാതെ റേഷന്‍ വ്യാപാരികള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.