Wednesday, May 15, 2024
keralaNews

കാനനപാതയിൽ ശരണം വിളികൾ ഉയർന്നു : പരമ്പരാഗത പാത തുറക്കാൻ ഹൈന്ദവ സംഘടനകളുടെ ശംഖുനാദം മുഴങ്ങി.

എരുമേലി:ശബരിമല തീർഥാടനം ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും എരുമേലിയിൽ നിന്നുള്ള പരമ്പരാഗത കാനനപാത തുറക്കാത്തത് പ്രതിഷേധിച്ച്  ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചാണ് ശരണം വിളികളാൽ ശ്രദ്ധേയമായത്.
ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഭാഗമായി നടന്ന  സമരത്തിന് ശേഷം ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത  പ്രതിഷേധസമരം എന്ന നിലയിലും ഇത്  ശ്രദ്ധേയമായി.ശബരിമല തീർത്ഥാടന ഭാഗമായി  അയ്യപ്പഭക്തർ പേട്ട തുള്ളുമ്പോഴും ആയിരക്കണക്കിന് തീർത്ഥാടകർ നടന്നു പോകേണ്ട എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത നിശ്ചലമായിരുന്നു. കോവിഡിനെ മുൻനിർത്തിയാണ്  പരമ്പരാഗത കാനന പാതയിൽ കൂടിയുള്ള യാത്ര നിരോധിച്ചതെന്ന് അധികൃതർ പറയുമ്പോഴും ശബരിമല തീർത്ഥാടനത്തിനടക്കം സംസ്ഥാനത്ത്  നിരവധി ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ പരമ്പരാഗത കാനനപാത കൂടിയുള്ള യാത്ര മാത്രം നിരോധിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
 ഹിന്ദു ഐക്യവേദി,  ശബരിമല അയ്യപ്പസേവാസമാജം, വിശ്വഹിന്ദുപരിഷത്ത് , തിരുവിതാംകൂർ മലയരയ മഹാസഭ, ശബരിമല ആചാര സംരക്ഷണസമിതി തുടങ്ങി  നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു . നിലക്കലിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ അയ്യപ്പഭക്തരെ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനേക്കാൾ ഭയാനകമല്ല കാനനപാതയിൽ കൂടിയുള്ള യാത്ര എന്നും  നേതാക്കൾ ചൂണ്ടിക്കാട്ടി. ശബരിമല തീർത്ഥാടന അവലോകന യോഗങ്ങളിൽ പരമ്പരാഗത കാനനപാത തുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ വന്നുവെങ്കിലും സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ടു വർഷമായി അടച്ചിട്ട കാനന പാതയിൽ മരങ്ങളും കാടുകളും വളർന്നുകഴിഞ്ഞു. ഇനി ഈ പാതയിലൂടെ നടക്കണമെങ്കിൽ  കാടുകളും മരങ്ങളും വെട്ടി തെളിക്കേണ്ടിവരും . കാട്ടിലെ മരങ്ങൾ വെട്ടുന്നത് സംബന്ധിച്ച് വനം വകുപ്പ് തടസ്സമായി വന്നാൽ  ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയിലൂടെ യാത്ര എന്നെന്നേക്കുമായി അടഞ്ഞു പോകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വിവിധ ഹൈന്ദവ സംഘടനകൾ  പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  വിവിധ ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്ത കാനനപാത പ്രതിഷേധ യാത്ര ഉന്നത അധികാരികൾക്ക് മുന്നറിയിപ്പായി മാറിയതും ശ്രദ്ധേയമായി. കാനനപാത തുറക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ  വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കളുടെ മുന്നറിയിപ്പ്  വിശ്വാസികൾ ശരണം വിളികളോടെയാണ് എതിരേറ്റത് .അയ്യപ്പ ഭക്തരുടെ
യാത്ര നിരോധിച്ചതോടെ പരമ്പരാഗത കാനനപാതയിൽ സ്ഥിതിചെയ്യുന്ന നിരവധി ക്ഷേത്രങ്ങളും  ഇപ്പോൾ ദുരിതത്തിന് പാതയിലാണ്.പരമ്പരാഗത കാനനപാതയിൽ കൂടിയുള്ള യാത്രയ്ക്ക് തടസ്സം  വനത്തിലെ വന്യജീവികൾ ആണെന്നുള്ള  പുതിയ തടസ്സമാണ് അധികാരികൾ പറയുന്നത് .എന്നാൽ തീർഥാടന പാതയിൽ മുമ്പും കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങിയിട്ടുണ്ടെന്ന് ഇവയൊന്നും അയ്യപ്പഭക്തരെ ആക്രമിച്ചിട്ടില്ല എന്ന വസ്തുത അധികാരികൾ തിരിച്ചറിയണമെന്നും വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. എരുമേലിയിൽ നിന്നും ഇരുമ്പൂന്നിക്കര വരെ  അഞ്ചു കിലോമീറ്ററോളം നിലയ്ക്കാത്ത ശരണമന്ത്രങ്ങൾ ഉയർന്ന പരമ്പരാഗത കാനനപാത വരും നാളുകളിൽ  ശരണമന്ത്രങ്ങളാൽ ഉണരുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികളും നാട്ടുകാരും .