Tuesday, May 14, 2024
NewsSportsworld

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍

അഡ്ലെയ്ഡ്: ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പുറത്ത്. ഇംംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അഡ്ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്സ് ഹെയ്ല്‍സ് (86), ജോസ് ബട്ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ് 86 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബട്ലര്‍ 49 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും നേടി. അഡ്ലെയ്ഡില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. വോക്്സിന്റെ പന്ത് തേര്‍ഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നു.