Sunday, May 12, 2024
keralaNews

ബിനീഷ് കോടിയേരിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തി എന്‍ഫോഴ്സ്മെന്റ്. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികളെ അന്വേഷണ പരിധിയിലേക്ക് എന്‍ഫോഴ്സ്മെന്റ് ഉള്‍പ്പെടുത്തി. ഈ കമ്പനികളുമായി ബിനീഷിന് നേരിട്ടോ ബിനാമികള്‍ വഴിയോ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി.

തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ്, യു എ എഫ് എക്സ് സൊല്യൂഷന്‍സ്, കാര്‍ പാലസെസ് , കാപിറ്റോ ലൈറ്റ്, കെ കെ റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെയാണ് പുതുതായി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കളളപ്പണം വെളുപ്പിച്ചോയെന്ന് സംശയമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.

സ്വര്‍ണക്കടത്ത് കേസ് പ്രതി അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓള്‍ഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ടെന്നെന്നും എന്‍ഫോഴ്‌സ്മെന്റ് വ്യക്തമാക്കുന്നു.അതേസമയം ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കിയെന്ന് സഹോദരന്‍ ബിനോയ് കോടിയേരി അറിയിച്ചു. ഇന്ന് അഭിഭാഷകര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി ബിനീഷിനെ കാണും.