Wednesday, May 15, 2024
keralaNewspolitics

അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ബാധിക്കില്ല : സതീശന്‍

തിരുവനന്തപുരം : അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനോ പോക്ഷക സംഘടനകള്‍ക്കോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സേവനങ്ങള്‍ അനില്‍ ആന്റണി ചെയ്തിട്ടില്ല. ഏല്‍പ്പിച്ച ചുമതല പോലും അനില്‍ കൃത്യമായി നിര്‍വഹിച്ചിരുന്നില്ല. അനില്‍ ആന്റണി ബി.ജെ.പിയുടെ കെണിയില്‍ വീഴുകയായിരുന്നു. ബിജെപി ബാന്ധവത്തിന് കാരണമായി തീര്‍ത്തും വിചിത്രമായ കാര്യങ്ങളാണ് അനില്‍ ആന്റണി പറയുന്നത്. അതിന്റെ അപകടം പിന്നാലെ ബോധ്യപ്പെടും. തീര്‍ത്തും അപക്വമായ ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് പിന്നീട് ദുഃഖിക്കേണ്ടി വരും. എ.കെ.ആന്റണി എന്ന പിതാവിനോട് മകനെന്ന നിലയില്‍ അനില്‍ ആന്റണി കാണിച്ച നിന്ദയാണിത്. മരണം വരെ കോണ്‍ഗ്രസുകാരനും സംഘപരിവാര്‍ വിരുദ്ധമായിരിക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്നതുകൊണ്ട് എ.കെ ആന്റണിയുടെ രാഷ്ട്രീയ സംശുദ്ധിക്കോ ആദര്‍ശ ധീരതയ്‌ക്കോ ഒരു കോട്ടവും ഉണ്ടാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു .