Monday, May 20, 2024
Newsworld

റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു ഒന്‍പതു പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്/മോസ്‌കോ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രെയ്‌നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പതു പേര്‍ക്ക് പരുക്കേറ്റതായും യുക്രെയ്ന്‍.

യുക്രെയ്‌നിലെ വ്യോമത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ആക്രമണപ്രതിരോധ സംവിധാനങ്ങളെല്ലാം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രതിരോധത്തിന് യുക്രെയ്ന്‍ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുടിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ യുക്രെയ്ന്‍ തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടായി. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാന്‍സ്‌കില്‍ വെടിവച്ചിട്ടതായി യുക്രെയ്ന്‍ സൈന്യവും അവകാശപ്പെട്ടു.