Tuesday, April 30, 2024
keralaNewspolitics

മുന്‍ എം.എല്‍.എയുടെ ആശ്രിത നിയമനം ഹൈക്കോടതി റദാക്കി.

കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് വലിയതോതില്‍ വിവാദം സൃഷ്ടിച്ച ഒരു സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍.
മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദാക്കി. ആര്‍ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.                                                പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെയാണ് ഇതും ചര്‍ച്ചയായത്. അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ആയ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന് ആശ്രിതനിയമനം എന്ന നിലയ്ക്ക് ജോലി നല്‍കുന്നു എന്നായിരുന്നു അന്ന് സര്‍ക്കാര്‍ പറഞ്ഞത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. എംഎല്‍എ എന്നത് ജനപ്രതിനിധിയാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല എന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് മാത്രമേ ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളു എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.പ്രശാന്തിന്റെ നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രശാന്തിന് ആവശ്യമായ യോഗ്യതയുണ്ട് എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കിലാണ് നിയമനം. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. 2018ലെ മന്ത്രിസഭാ യോഗമാണ് പ്രശാന്തിന്റെ നിയമനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും പൊതുഭരണസെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. നിയമനം ഹര്‍ജിക്കാരനെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, എംഎല്‍എയുടെ മകന് ആശ്രിതനിയമനത്തിന് അര്‍ഹതയില്ല എന്നത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രശാന്തിന്റെ നിയമനം കോടതി റദ്ദാക്കിയിരിക്കുന്നത്.