Friday, May 17, 2024
keralaNews

സംസ്ഥാനത്ത്   പുതിയ ആശങ്ക സൃഷ്ടിച്ച് 14 പേര്‍ക്ക്കൂടി സിക്ക സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് പുതിയ ആശങ്ക സൃഷ്ടിച്ച് 14 പേര്‍ക്ക്കൂടി സിക്ക സ്ഥിരീകരിച്ചു. ഇതില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഇന്നലെ സ്ഥിരീകരിച്ച ഒരു കേസ് അടക്കം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സിക്ക കേസുകളുടെ എണ്ണം 15 ആയി. തിരുവനന്തപുരം ജില്ലയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്.കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ പകല്‍ സമയങ്ങളില്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

1950 കള്‍ മുതല്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരു ചെറിയ മധ്യരേഖാപ്രദേശത്തുമാത്രം ഈ പനി കാണപ്പെട്ടിരുന്നു. 2014 ആയപ്പോഴേക്കും ഈ വൈറസ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് പോളിനേഷ്യയിലേക്കും പിന്നീട് ഈസ്റ്റര്‍ ദ്വീപ് 2015 ല്‍ മെക്‌സിക്കോ, മധ്യ അമേരിക്ക, കരീബിയന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കും പകര്‍ച്ചവ്യാധിയുടെ കണക്ക് വ്യാപിച്ചു.2016 ന്റെ തുടക്കത്തില്‍ സിക്ക വൈറസ് അമേരിക്കയിലെങ്ങും പടര്‍ന്നുപിടിച്ചു. 2015 ഏപ്രിലില്‍ ബ്രസീലില്‍ തുടങ്ങിയ ഈ പൊട്ടിപ്പുറപ്പെടല്‍ തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും മധ്യ അമേരിക്കയിലേക്കും കരീബിയനിലേക്കും എത്തുകയായിരുന്നു.ഇന്ത്യയില്‍ 2018ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ആദ്യമായി സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.