Friday, May 17, 2024
keralaNews

ഇന്തോനീസ്യന്‍ മുങ്ങിക്കപ്പല്‍ പരിശീലനത്തിനിടെ ആഴക്കടലില്‍ മുങ്ങി; 53 നാവികരെ കാണാതായി

പരീശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന അന്തര്‍വാഹിനി ആഴക്കടലില്‍ മുങ്ങി. 53 നാവികരുമായി പോയ ഇന്തോനീസ്യയുടെ കെആര്‍ഐ നംഗാല 402 ആണ് പസഫിക് സമുദ്രത്തിലെ ബാലി ദ്വീപില്‍നിന്ന് 95 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ അപ്രത്യക്ഷമായത്. അവസാനമായി റിപോര്‍ട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമൊന്നും അന്തര്‍വാഹിനിയില്‍നിന്ന് ലഭിക്കാതായതോടെയാണ് ആഴക്കടലില്‍ മുങ്ങിപ്പോയിരിക്കാമെന്ന ആശങ്കയുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് അവസാനമായി മുങ്ങിക്കപ്പലില്‍നിന്ന് വിവരം ലഭിച്ചത്.

താഴോട്ടുപോവാന്‍ അനുമതി നല്‍കിയതായും പിന്നീട് ബന്ധം നഷ്ടപ്പെട്ടതായും ഇന്തോനീസ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്റര്‍ പരിശോധനയില്‍ പരിസരത്ത് എണ്ണച്ചോര്‍ച്ചയും കണ്ടെത്തി. ഡൈവിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴോട്ടുപതിച്ചതാവാമെന്നാണ് കരുതുന്നത്. മുങ്ങിയ ഭാഗത്ത് 600- 700 മീറ്റര്‍ താഴ്ചയാണ് പ്രതീക്ഷിക്കുന്നത്. മുങ്ങിക്കപ്പല്‍ കണ്ടെത്താനായി സ്ഥലത്ത് പരിശോധന നടക്കുന്നുണ്ട്. ഹൈഡ്രോളിക് സര്‍വേ കപ്പല്‍ ഉള്‍പ്പെടെ നിരവധി കപ്പലുകള്‍ ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്.

അയല്‍രാജ്യങ്ങളായ സിംഗപ്പൂര്‍, ആസ്ത്രേലിയ എന്നിവരുടെ സഹായവും തേടിയിട്ടുണ്ട്. ഈ അന്തര്‍വാഹിനിക്ക് ജലോപരിതലത്തില്‍നിന്ന് പരമാവധി 250 മീറ്റര്‍ താഴ്ചയില്‍ സഞ്ചരിക്കാന്‍ മാത്രമേ ശേഷിയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 700 മീറ്റര്‍ താഴ്ചയിലെത്തിയാല്‍ ഇത് പൊട്ടിപ്പിളരാന്‍ സാധ്യതയേറെയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തര്‍വാഹിനിയിലെ വിള്ളലില്‍നിന്ന് എണ്ണച്ചോര്‍ച്ചയുണ്ടായതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ഇത്തരം വിള്ളലുകള്‍ വളരെ അസാധാരണമാണ്. പെട്ടെന്നുള്ള സമ്മര്‍ദ്ദം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് നാവിക വിദഗ്ധര്‍ പറയുന്നു.

1977ല്‍ ജര്‍മനിയില്‍ നിര്‍മിച്ച അന്തര്‍വാഹിനി 1981 മുതല്‍ ഇന്തോനീസ്യ ഉപയോഗിച്ചുവരുന്നുണ്ട്. 2012ല്‍ ഇത് പുനര്‍നിര്‍മിച്ചു. മിസൈല്‍ വിക്ഷേപണ പരിശീലനമാണ് അവസാനമായി നടത്തിയിരുന്നത്. 17,000 ദ്വീപുകളുള്ള രാജ്യത്ത് അഞ്ച് അന്തര്‍വാഹിനികളാണുള്ളത്. ആദ്യമെത്തിയ ശേഷം പലവട്ടം നവീകരണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനിയുടെ അതേ മോഡല്‍ പല രാജ്യങ്ങളിലും നാവികസേന ഉപയോഗിച്ചുവരുന്നുണ്ട്.

196 അടി നീളവും 19 അടിയില്‍ കൂടുതല്‍ വീതിയുമുള്ള അന്തര്‍വാഹിനി 34 പേരെ ഉള്‍ക്കൊള്ളുന്നതാണ്. അഭ്യാസത്തിനിടെ കപ്പലില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. നാവികസേനയുടെ കഴിവില്‍ സംശയമില്ല. പക്ഷേ, അന്തര്‍വാഹിനിയുടെ തകരാറുകളെക്കുറിച്ച് വീണ്ടും പരിശോധിക്കേണ്ടതുണ്ട്- ഇന്തോനീസ്യ സര്‍വകലാശാലയിലെ മിലിട്ടറി അനലിസ്റ്റ് കോന്നി രാഹകുണ്ടിനി ബക്രീ പറഞ്ഞു.

അന്തര്‍വാഹിനി അപകടങ്ങള്‍ വിരളമായി മാത്രം സംഭവിക്കുന്നതാണ്. 2000 ല്‍ ഒരു റഷ്യന്‍ നേവി അന്തര്‍വാഹിനി കപ്പലിലെ സ്ഫോടനത്തെത്തുടര്‍ന്ന് കടല്‍ത്തീരത്ത് മുങ്ങിപ്പോയിരുന്നു. അന്തര്‍വാഹിനിയിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ദിവസങ്ങളെടുത്തതിനെ തുടര്‍ന്ന് 118 പേരും മരിച്ചു. സ്ഫോടനത്തില്‍നിന്ന് 23 നാവികര്‍ രക്ഷപ്പെട്ടെങ്കിലും ഓക്സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഇവരും മരണത്തിന് കീഴടങ്ങി.