Saturday, May 18, 2024
EntertainmentkeralaNews

തൃശൂര്‍ പൂരം നടത്താന്‍ അനുമതി

 ജനപങ്കാളിത്തത്തില്‍ നിയന്ത്രണമില്ല

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താന്‍ തൃശൂര്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തില്‍ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല. പൂരം എക്‌സിബിഷനും സംഘടിപ്പിക്കും. എക്‌സിബിഷനിലും സന്ദര്‍ശകര്‍ക്കു നിയന്ത്രണമുണ്ടാവില്ല.

എക്‌സിബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്തണം നീക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും പൂരം സംഘാടക സമിതി അംഗങ്ങളും കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ഇത്തവണ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആനപ്രേമികള്‍ക്ക് നിരാശയായി പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തില്ല,
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും അതേപടി നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ മാസം 15ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്ക്കില്ല. എല്ലാ ആചാരങ്ങളും അതേപടി നടക്കും. പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
പൂരം പതിവുപോലെ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂര്‍ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.