Monday, May 6, 2024
keralaNewspolitics

സ്വന്തമായി വീടില്ല, വാഹനമില്ല, സ്വത്തില്ല; കുമ്മനത്തിന്റെ സത്യവാങ്മൂലം

നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ സത്യവാങ്മൂലം കോളങ്ങളില്‍ നിറഞ്ഞ്’ഇല്ല’ എന്ന് വാക്ക് മാത്രം. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല. തന്റെ കൈയില്‍ ആകെയുള്ളത് ആയിരം രൂപയും കൂടാതെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി, പത്രപ്രവര്‍ത്തകന്‍, ലക്ഷങ്ങള്‍ ശമ്പളമുള്ള മിസോറാം ഗവര്‍ണര്‍ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്മൂലത്തില്‍ ‘ഇല്ല’കളുടെ കളി കണ്ട് അമ്പരക്കുകയാണ് മലയാളികള്‍. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം.1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച കുമ്മനം രാജശേഖരന്‍ കുടുംബ ജീവിതം വേണ്ടെന്ന് വെച്ച് ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ വ്യക്തിയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിക്കെ 2016 ല്‍ വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു.