Sunday, May 19, 2024
keralaNews

കുടിശിക ലക്ഷങ്ങള്‍ കടന്നു; പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന് പമ്പുടമകള്‍

ജില്ലയിലെ സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ 3 മുതല്‍ 10 ലക്ഷം രൂപ വരെ കുടിശിക. മിക്ക പമ്പുടമകള്‍ക്കും 4 മാസമായി തുക കിട്ടിയില്ല. ഈ സാഹചര്യത്തില്‍ പൊലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന വിതരണം നിര്‍ത്തി വയ്‌ക്കേണ്ടുന്ന അവസ്ഥയാണെന്ന് ക്വയിലോണ്‍ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.ഉയര്‍ന്ന ഇന്ധന വില നിലനില്‍ക്കെ കമ്പനികള്‍ക്കു മുന്‍കൂര്‍ പണം നല്‍കിയാല്‍ മാത്രമേ പമ്പുടമകള്‍ക്ക് ഇന്ധനം ലഭിക്കൂ. ഒരു ദിവസം പണം അടയ്ക്കുന്നതു വൈകിയാല്‍ വന്‍തുക പിഴയായും 18% പലിശയും കമ്പനികള്‍ ഈടാക്കും. മുന്‍പ് 8 ലക്ഷം രൂപയ്ക്ക് ഒരു ലോഡ് ഇന്ധനം ലഭിക്കുമായിരുന്നു. ഇപ്പോഴതു 11 ലക്ഷം രൂപ വരെയായി.അപ്പോഴാണു പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചതിന്റെ ലക്ഷങ്ങള്‍ 4 മാസമായി കുടിശികയായിരിക്കുന്നത്. ഈ സാഹചര്യത്തിലാണു പൊലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന വിതരണം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് മൈതാനം വിജയനും സെക്രട്ടറി സഫ അഷറഫും അറിയിച്ചു.