Monday, May 13, 2024
keralaNewsUncategorized

ഹരിപ്പാട് പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തില്‍ എസ് സിഎസ് ടി കമീഷന്‍ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയില്‍ അര്‍ധരാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ എസ് സിഎസ് ടി കമീഷന്‍ സ്വമേധയാ കേസെടുത്തു. കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചതിനാണ് കേസ്. ഒരാഴ്ചക്കുള്ളില്‍ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി അറിയിച്ചു.

അര്‍ധ രാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തിനിടെ കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നുവെന്നാണ് പെണ്‍കുട്ടി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് നടപടി. ജാതീയ അധിക്ഷേപം കേരളത്തിന് കളങ്കമേല്‍പ്പിക്കുന്നതാണെന്നും കോളനിയില്‍ വെച്ച് എന്താണുണ്ടായതെന്ന് അന്വേഷിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി ആവശ്യപ്പെട്ടു.           

കരീലക്കുളങ്ങര ഗ്രേഡ് എസ് ഐയും രണ്ട് പൊലീസുകാരുമടങ്ങുന്ന സംഘം അര്‍ദ്ധരാത്രിയില്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. കോളനിയിലെ ഒരു വീട്ടിന് മുന്നില്‍ രണ്ടു പേര്‍ ബൈക്കുമായി നില്‍ക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

വീട്ടിലെ താമസക്കാരായ രാജീവിന്റെയും ശരത്തിന്റെയും സുഹൃത്തുക്കളാണെന്നും ഇവരെ കാണാന്‍ എത്തിയതാണെന്നും മറുപടി നല്‍കി. അര്‍ധരാത്രി വരേണ്ട ആവശ്യം എന്തെന്ന് ചോദിച്ച് പൊലീസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു.

ഇതിനിടെ വീട്ടിലുള്ളവരും നാട്ടുകാരും എത്തി. ഈ സമയം സ്ത്രീകളടക്കമുള്ള കോളനിക്കാരെ പൊലീസ് മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തന്നാണ് പരാതി

പെട്രോളിംഗിനിടെ കോളനിയിലെ ഒരു വീട്ടിലേക്ക് പൊലീസ് സംഘം അതിക്രമിച്ച് കയറി സ്ത്രീകളെയും വയോധികരെയും അടക്കം മര്‍ദിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ സംഘടിച്ചെത്തി പൊലീസ് സംഘത്തെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. കായംകുളം ഡിവൈഎസ്പിയും സംഘവും എത്തിയാണ് പൊലീസുകാരെ കോളനിക്കുള്ളില്‍ നിന്നും പുറത്തേക്കെത്തിച്ചത്.

സ്വന്തം വീടിന് മുന്നില്‍ നിന്നവരെ പ്രകോപനമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ പട്രോളിംഗിനിടെ ഒരു വീടിന് മുന്നില്‍ സംശയ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് വിവരങ്ങള്‍ തിരക്കിയ തങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പൊലീസിനെ ആക്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കായംകുളം ഡിവൈഎസ്പി അറിയിച്ചു.