Thursday, May 16, 2024
keralaNews

സ്‌പെഷല്‍ റേഷന്‍: 42,000 ടണ്‍ അരി വാങ്ങും ഇ-ലേലത്തിലൂടെ

മുന്‍ഗണന ഇതര വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 10 കിലോ വീതം സ്‌പെഷല്‍ അരി നല്‍കാന്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നു സംസ്ഥാനം 42,040 ടണ്‍ അരി ഇ ലേലത്തില്‍ വാങ്ങുന്നു. 25,365 ടണ്‍ പുഴുക്കലരിയും 16,675 ടണ്‍ പച്ചരിയുമാണ് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം (ഒഎംഎസ്എസ്) പ്രകാരം വാങ്ങുക. സപ്ലൈകോയെ ആണ് അരി വാങ്ങാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് ഒഎംഎസ് സ്‌കീം വഴി നിശ്ചിത തുകയ്ക്കു സംസ്ഥാനങ്ങള്‍ക്ക് എഫ്‌സിഐ നേരിട്ട് അരി നല്‍കിയിരുന്നു.മുന്‍ഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 10 കിലോ വീതം സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാല്‍ അരി കുറവായതിനാല്‍, മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയില്ല. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഈ മാസം 8 മുതല്‍ ആരംഭിച്ചു. ലേലത്തിലൂടെ വാങ്ങിയ അരി എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യഭദ്രത (എന്‍എഫ്എസ്എ) ഗോഡൗണുകളില്‍ എത്തിച്ച ശേഷം, സ്‌പെഷല്‍ അരിയുടെ വിതരണത്തീയതി ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിക്കും.