Tuesday, May 21, 2024
educationkeralaNews

സ്‌കൂളുകള്‍ തുറക്കല്‍: വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്തു മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും. ആരോഗ്യ വകുപ്പുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം എടുത്തത് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമാകും സ്‌കൂള്‍ തുറക്കുകയെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. എല്ലാ ക്ലാസുകളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കുകയും ബസ് ഉള്‍പ്പെടെ അണുവിമുക്തമാക്കുകയും ചെയ്യും. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോയെന്ന് ആലോചിക്കും. ഇതിനായി അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം വിശദമായ പ്രൊജക്ട് തയ്യാറാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ ഇന്നലെ ചേര്‍ന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രൈമറി ക്ലാസുകള്‍ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.