Saturday, May 18, 2024
educationkeralaNewsObituary

സിദ്ധാര്‍ത്ഥന്റെ മരണം: രാഷ്ട്രീയം നോക്കില്ല; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മര്‍ദ്ദനത്തെയും ആള്‍ക്കൂട്ട വിചാരണയെയും തുടര്‍ന്ന് മരിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം പിതാവിനെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിന് പിന്നിലുള്ളവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താല്‍പര്യവും ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണം പത്തായി. ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്. ആത്മഹത്യ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാര്‍ത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുണ്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ശരിവക്കുന്ന തെളിവുകളും ശേഖരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്.