Tuesday, May 14, 2024
keralaNews

സജീവിനെ സുഹൃത്ത് കൊലപ്പെടുത്തിയത് കടം വാങ്ങിയ 50,000 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നെന്ന് :പൊലീസ്.

കാക്കനാട് ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശി സജീവ് കൃഷ്ണയെ സുഹൃത്തു കൊലപ്പെടുത്തിയതു കടം വാങ്ങിയ 50,000 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നെന്നു പൊലീസ്. കടമായി വാങ്ങിയ പണം തിരികെ നല്‍കാതിരുന്നതോടെ പകരം ലഹരി മരുന്നു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതും പാലിക്കാതെ വന്നതോടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ഇവര്‍ ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിനിടെ ഇതു സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചു കൊലപ്പെടുത്തിയതാണോ എന്നു സംശയവുമുണ്ട്. അര്‍ഷാദിനു പുറമേ കൂടുതല്‍ പ്രതികള്‍ കേസിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അര്‍ഷാദിനൊപ്പം കാസര്‍കോടുനിന്നു പിടിയിലായ ലഹരി മരുന്നു കേസ് പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിക്കാനും പൊലീസ് തയാറായിട്ടില്ല.ഇന്നു കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ അഞ്ചു ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്നാണു പൊലീസ് ആവശ്യപ്പെടുക. കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പുറത്തു വരൂ. പ്രതികള്‍ കൊല നടത്തിയ ശേഷം മൃതദേഹം മറവു ചെയ്യുന്നതിനും പദ്ധതികള്‍ തയാറാക്കിയിരുന്നു. വീടു വൃത്തിയാക്കിയിട്ടതും മൃതദേഹം പൊതി?ഞ്ഞു കെട്ടിയതുമെല്ലാം കൃത്യമായ പ്ലാനോടു കൂടിയായിരുന്നു. എന്നാല്‍ വിചാരിച്ച രീതിയില്‍ മൃതദേഹം താഴെ എത്തിക്കാന്‍ സാധിക്കാതിരുന്നതാണു പദ്ധതികളെ അട്ടിമറിച്ചത്.യുവാക്കള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ വന്‍തോതില്‍ ലഹരി ഉപയോഗവും ഇടപാടുകളും നടന്നിരുന്നതായാണു പൊലീസ് വെളിപ്പെടുത്തുന്നത്. പണം നല്‍കുന്ന ആളുകള്‍ക്ക് മുറിയിലെത്തി ലഹരി ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നതായും ഇവിടെ നിരവധി യുവാക്കള്‍ വന്നു പോയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ സമീപ ഫ്‌ലാറ്റുകളിലുള്ളവര്‍ പൊലീസിനു വിവരം നല്‍കിയിട്ടുണ്ട്. ഇവിടെ താമസക്കാര്‍ പലപ്രാവശ്യം മാറി വന്നിട്ടുണ്ട്. വാടകയും മറ്റും കൃത്യമായി ലഭിച്ചിരുന്നതിനാല്‍ ഫ്‌ലാറ്റ് ഉടമയ്ക്കും ഇക്കാര്യത്തില്‍ പരാതി ഉണ്ടായിരുന്നില്ല.