Thursday, May 2, 2024
keralaNews

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍.

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. കൊറോണ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് ലോക് ഡൗണ്‍ വേണമെന്ന ആവശ്യവുമായി കെജിഎംഒഎ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് ആഴ്ചത്തേക്ക് എങ്കിലും സംസ്ഥാനം അടച്ചിടണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അവലോകന യോഗത്തില്‍ ലോക് ഡൗണ്‍ എന്ന ആവശ്യം സംഘനയില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് നാല് പേരെ പരിശോധിച്ചാല്‍ അതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കെജിഎംഒഎ പറയുന്നു. കൊറോണയെ നിസ്സാരമായാണ് ആളുകള്‍ കാണുന്നത്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ആശുപത്രികള്‍ നിറയുന്നു. നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും അധികം രോഗികളെ ചികിത്സിക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ കുറച്ചു ദിവസം സംസ്ഥാനം അടച്ചിടണം. ഇത് രോഗ വ്യാപനത്തിന്റെ തീവ്രത കുറയ്ക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് ഇരട്ട ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവ വായുവിലൂടെ പടരാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ലോക് ഡൗണ്‍ എന്ന ആവശ്യം കെജിഎംഒഎയില്‍ നിന്നും ഉയരുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു.