Friday, May 17, 2024
keralaNews

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നു, ഭീഷണിയായി ബ്‌ളാക്ക് ഫംഗസും.

സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. എന്നാല്‍ പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനൊപ്പം ബ്‌ളാക്ക് ഫംഗസും ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ വൈറസ് വഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു, ഇതില്‍ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. അതേസമയം നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും ,മറ്റ് ജില്ലകളില്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനായിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ലോക്ക്ഡൗണ്‍ ഇനിയും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണില്‍ ഇളവ് ആലോചിക്കാനാവൂ. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആര്‍ 15.5 ശതമാനം. 28 മുതല്‍ മേയ് നാലു വരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്‌ബോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ശരാശരി 23.29 ആയിട്ടുണ്ട്.അതേസമയം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ നിരക്ക് ആദ്യമായി ഇന്നലെ നൂറ് കടന്നിരുന്നു. 112 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 6724 ആയി.

ഭീഷണിയായി ബ്‌ളാക്ക് ഫംഗസ്
മലപ്പുറം ജില്ലയില്‍ 15 പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ഫംഗസ് രോഗബാധയും ആശങ്ക പരത്തുന്നുണ്ട്. തെക്കന്‍ ജില്ലകളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മ്യൂകര്‍മൈസറ്റിസ് എന്ന പൂപ്പലുകളില്‍ നിന്നാണ് ഈ രോഗബാധയുണ്ടാകുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന പൂപ്പലാണിത്. ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വളരെ അപൂര്‍വമായേ ഈ രോഗം ഉണ്ടാകാറുള്ളൂ .ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല . രോഗബാധിതര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടേണ്ടതില്ല..
പ്രമേഹമുള്ളവരും,. കൊവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാം.

സ്റ്റിറോയ്ഡുകളോ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ഉപയോഗിക്കുമ്‌ബോള്‍ രോഗം ഗുരുതരമായി പിടിപെടാം. മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കേരളം ജാഗ്രത ആരംഭിച്ചതാണ്. കോവിഡ് രോഗികളുടെ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.