Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ ഒഴിവാക്കാറായിട്ടില്ല. നിയന്ത്രണങ്ങളില്‍ തെറ്റില്ലെന്ന് ദേശീയ തലത്തിലെ വിദഗ്ധരും പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.വര്‍ധിച്ച ജനസാന്ദ്രതയും പ്രായാധിക്യമുള്ളവരുടെ എണ്ണവും സംസ്ഥാനത്ത് രോഗവ്യാപനം കൂട്ടി. വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഇരട്ടിയോളം വാക്‌സിനേഷന്‍ നടത്തി മുന്നിട്ടു നില്‍ക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ട്. കേരളത്തില്‍ പത്തുലക്ഷം ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത് തെറ്റാണ്. പുതിയ ആരോഗ്യമന്ത്രിക്ക് കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. കേരളം ഏറ്റവും മോശമെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് പട്ടിണി ഉണ്ടാകാതിരിക്കാനാണ് കിറ്റ് നല്‍കുന്നത്. മരുന്നുകള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റിനെ പ്രതിപക്ഷം എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിസന്ധി രൂക്ഷമായത് സര്‍ക്കാരിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. അശാസ്ത്രീയമായ അടച്ചിടല്‍ അടക്കം സര്‍ക്കാര്‍ നയങ്ങള്‍ പൂര്‍ണ പരാജയമാണ്. ജനങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും, ഇങ്ങനെ പോയാല്‍ കേരളം പട്ടിണിയിലേക്ക് നീങ്ങുമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.