Thursday, May 2, 2024
keralaNews

ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു :മഹാരാഷ്ട്ര എടിഎസ്

കോഴിക്കോട് ഏലത്തൂര്‍ ട്രെയിനിനുള്ളില്‍ തീവച്ച കേസില്‍ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, ആധാര്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.പ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി.ചികിത്സ തേടിയശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാരൂഖിനെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി കേരള എടിഎസിന് കൈമാറിയെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു.

വധശ്രമം, പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാരൂഖിനെതിരെ ചുമത്തിയത്. അറസ്റ്റിലായത് ഷാരൂഖ് തന്നെയെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. കേരള എടിഎസും ഡല്‍ഹി പൊലീസും പ്രതിയുടെ ഷഹീന്‍ബാഗിലുള്ള വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ ബുക്ക്, ഡയറി, ഫോണ്‍ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഡല്‍ഹി പൊലീസ് അന്വേഷിച്ചുവരികയാണ്.