Tuesday, May 14, 2024
keralaNews

ശബരിമലയുടെ ആചാരാനുഷ്ഠാനം നിലനിര്‍ത്താന്‍ പരമ്പരാഗത കാനനപാത തുറക്കണം:ഐക്യ മലയരയ മഹാസഭ.

 

  • ശബരിമലയെ തകര്‍ക്കാന്‍ അ ദേവസ്വംബോര്‍ഡും കൂട്ടുനില്‍ക്കുന്നു .

  •  പൈതൃക സംരക്ഷണ പ്രയാണം തടയാന്‍ കോയിക്കക്കാവില്‍ വനപാലകരും പൊലീസ് സന്നാഹം .

കോടിക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ പരമ്പരാഗത കാനനപാത അയ്യപ്പ ഭക്തര്‍ക്കായി തുറന്നു നല്‍കണമെന്ന് ഐക്യ മല അരയ മഹാസഭ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ചു കൊണ്ട് കാനനപാത പൈതൃക സംരക്ഷണ പ്രയാണം ഇന്ന് സമര ജ്വാലയുമായി കാനന പാതയിലൂടെ എത്തുമെന്നും ഐക്യമല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സജീവന്‍ പറഞ്ഞു.

ശബരിമല കാനനപാതയിലെ എട്ടോളം വരുന്ന മഹാക്ഷേത്രങ്ങളുടെ പ്രവര്‍ത്തനവും-വിശ്വാസവുമാണ് കാനനപാത അടച്ചതോടെ പ്രതിസന്ധിയിരിക്കുന്നത്.
ഇരുമ്പൂന്നിക്കരയില്‍ രണ്ടു ക്ഷേത്രങ്ങള്‍, കാളകെട്ടിയിലെ രണ്ട് ക്ഷേത്രങ്ങള്‍,ഇഞ്ചിപ്പാറമല,മുക്കുഴി,മൂഴിക്കല്‍ , ആനക്കല്ല് എന്നിവിടങ്ങളില്‍ പ്രധാന ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് വന്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
ശബരിമലയുടെ പവിത്ര നഷ്ടപ്പെടുത്തുവാന്‍ വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പരമ്പരാഗത കാനനപാത അടയ്ക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.കോവിഡാണ് പ്രശ്‌നമെങ്കില്‍ എരുമേലി -വടശ്ശേരിക്കര വഴിയുള്ള തീര്‍ത്ഥാടനവും തടയേണ്ടതാണ്.എന്നാല്‍ അയ്യപ്പഭക്തരുടെ പരമ്പരാഗത കാനനപാത അടയ്ക്കുന്നത് പിന്നില്‍ ക്ഷേത്രങ്ങള്‍ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വലിയൊരു സമുദായത്തെയും കാനന പാതയോരത്ത് അധിവസിക്കുന്ന ജനങ്ങളെയുമാണ് ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം കൊണ്ട് ദേവസ്വം ബോര്‍ഡ് മാത്രം നന്നായാല്‍ മതിയെന്നും കാനനപാതയില്‍ അധിവസിക്കുന്ന ഒരു സമുദായത്തിന്റെ വിശ്വാസവും അവരുടെ ക്ഷേത്രങ്ങളും നശിക്കണെമെന്നുമാണ് ചിലര്‍ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദുത്വത്തിന്റെ നിലനില്‍പ്പുതന്നെ ക്ഷേത്രങ്ങളും വിശ്വാസങ്ങളും കേന്ദ്രീകരിച്ചാണ്,അത്തരം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം തകര്‍ക്കുക വഴി ഹൈന്ദവ ദര്‍ശനങ്ങളാണ് തകര്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ആരംഭിച്ച പ്രയാണത്തില്‍ ശബരിമലയിലെ ആദ്യകാല പൂജാരി ആയിരുന്ന കൊമ്പുകുത്തി കൊച്ചു രാമന്റെ മകളുടെ മകള്‍ 94 വയസ്സുള്ള കല്യാണി പുത്തന്‍വീട്ടില്‍ സമരജ്വാല ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.കൊമ്പുകുത്തിയില്‍ നിന്നും കാല്‍നടയായി പുഞ്ചവയലില്‍ എത്തിയ തീര്‍ഥാടക സംഘത്തിന് ല്‍കിയ സ്വീകരണത്തില്‍ പൊന്നമ്പലമേട്ടില്‍ അവസാനമായി ദീപം തെളിയിച്ച പുത്തന്‍വീട്ടില്‍ കുഞ്ഞന്റെ മകന്‍ പരേതനായ അയ്യപ്പന്റെ ഭാര്യ രാജമ്മ ഭദ്രദീപം ദീപം തെളിയിച്ചു.ഇന്ന് രാവിലെ പുഞ്ചവയലില്‍ നിന്നും രണ്ടുപേര്‍ ഇരുമുടിക്കെട്ടുമായി ഇരുപതോളം പേര്‍ അനുഗമിക്കുന്ന തീര്‍ഥാടക സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുമ്പൂന്നിക്കരയിലെത്തും.എന്നാല്‍ പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരജ്വാല ഇരുമ്പൂന്നിക്കര കോയിക്കക്കാവില്‍ തടയുന്നതിനായി വനപാലകരും പൊലീസും വന്‍ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.സമരം തടയാന്‍ വനം വകുപ്പും പോലീസും വനപാലകരും നടപടികള്‍ സ്വീകരിച്ചതായി പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിജി പി.വി പറഞ്ഞു.