Saturday, May 11, 2024
keralaNews

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ നിയമസഭാ മണ്ഡലത്തിലും ആയിരക്കണത്തിനു കള്ളവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്. കഴക്കൂട്ടം 4506, കൊല്ലം 2534, തൃക്കരിപ്പൂര്‍ 1434, കൊയിലാണ്ടി 4611, നാദാപുരം 6171,കൂത്തുപറമ്പ് 3525,അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പ് വന്നവരെ ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കത്തും നല്‍കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണു മിക്കയിടത്തും കൃത്രിമമായി കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസമുണ്ട്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുല്‍സിത ശ്രമമാണ്. കള്ളവോട്ടര്‍മാരെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പിന്തുണ ഇല്ലാതെ കള്ളവോട്ടര്‍മാരെ സൃഷ്ടിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതു ചെയ്തത്. ഒരേ ആളിന്റെ പേരില്‍ നിരവധി വോട്ടര്‍ ഐഡി സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനു തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ബാലശങ്കറിന്റെ പ്രസ്താവന ഗൗരവമുള്ളത്. നേരിയ വോട്ട് വ്യത്യാസമുള്ള സ്ഥലങ്ങളില്‍ ബിജെപി സഹായിച്ചാല്‍ ജയിക്കാനാകുമെന്നാണ് സിപിഎം സ്വപ്നം കാണുന്നത്. സിപിഎമ്മിനു തുടര്‍ഭരണവും ബിജെപിക്കു കൂടുതല്‍ സീറ്റുമെന്ന ലക്ഷ്യമിട്ട് അപകടകരമായ കളിയാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.