Wednesday, May 15, 2024
keralaNews

വന്യമൃഗങ്ങള്‍ തീറ്റ തേടി ഇനി കാടിറങ്ങേണ്ട; വനത്തില്‍ തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ച് വനപാലകര്‍.

കാട്ടില്‍ തീറ്റ ഇല്ലാതാകുന്നതോടെ നാട്ടിലിറങ്ങി കൃഷി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്താന്‍ വനത്തില്‍ തീറ്റപ്പുല്ല് നട്ടുപിടിപ്പിച്ചു വനപാലകര്‍. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് സ്വാഭാവിക പുല്ല് വളരാന്‍ വേണ്ടി ഒരുക്കിയിട്ട സ്ഥലത്താണ് തീറ്റപ്പുല്‍ നടുന്നത്. ക്ഷീരകര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന സിഒ3 ഇനം തീറ്റപ്പുല്ലാണ് നട്ടത്.

ഒരു ഹെക്ടര്‍ സ്ഥലത്ത് ഈ വര്‍ഷം പുല്ല് വച്ച് പിടിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പുല്ല് നടും. പനവല്ലിയില്‍ വനത്തിലൂടെ കടന്നുപോകുന്ന പവര്‍ ഗ്രിഡിന്റെ വൈദ്യുതി ലൈനിന് അടിയിലായി കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തീറ്റപ്പുല്ല് വച്ച് പിടിപ്പിച്ചിരുന്നു. കുറച്ച് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ആന, കാട്ടുപോത്ത്, മാന്‍ എന്നിവയാണു തീറ്റ തേടി കൂടുതലായും നാട്ടിലിറങ്ങുന്നത്.

വനത്തില്‍ ആവശ്യത്തിന് തീറ്റയും വെള്ളവും ലഭിച്ചാല്‍ ഇവ ജനവാസകേന്ദ്രത്തില്‍ ഇറങ്ങുന്നതു കുറയുമെന്നാണ് പ്രതീക്ഷ. തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.വി. ജയപ്രസാദ്, ഫോറസ്റ്റര്‍ കെ. ശ്രീജിത്ത്, വാച്ചര്‍മാരായ പി. വിജയന്‍, കെ.എം. മേഘ, കെ.എ, റീന എന്നിവരുടെ നേതൃത്വത്തിലാണ് പുല്ലുകള്‍ വച്ച് പിടിപ്പിക്കുന്നത്.