Wednesday, May 15, 2024
keralaNews

ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ഒരു വയസ്

മഹാമാരിയെ പടിക്കുപുറത്തു നിര്‍ത്താന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ബുധനാഴ്ച ഒരു വര്‍ഷം തികയുന്നു. 2020 മാര്‍ച്ച് 23ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 24ന് രാത്രി 12ന് ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നു.അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം. രാജ്യം ഒറ്റയടിക്ക് നിശ്ചലമായി. വേര്‍തിരിവില്ലാതെ എല്ലാവരും വീട്ടിലടയ്ക്കപ്പെട്ടു. രാപ്പകലില്ലാതെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന രാജ്യത്തെ നിരത്തുകള്‍ നിശ്ചലമായി. ലോക്ഡൗണിന്റെ പ്രധാന ‘ഇരകള്‍’ അതിഥിത്തൊഴിലാളികളും പ്രവാസികളുമായിരുന്നു. ജീവന്റെ തുരുത്ത് തേടി നാട്ടിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളികളില്‍ പലരും റോഡില്‍ മരിച്ചു വീണു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ നാട്ടിലെത്താന്‍ കഴിയാതെ വലഞ്ഞു. ലോക്ഡൗണിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ടിയിരുന്ന മുന്‍കരുതലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിലുള്ള പരാജയവും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിരോധത്തിന് ലോക്ഡൗണ്‍ അനിവാര്യമായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഒരു വര്‍ഷത്തിനിപ്പുറം, കോവിഡ് രണ്ടാം വ്യാപനത്തില്‍ വീണ്ടും ഒരു അടച്ചിടലിലേക്ക് രാജ്യം പോകുമോയെന്ന ആശങ്ക വ്യാപകമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,262 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നവംബറിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് ഇത്. 275 പേര്‍ മരിച്ചു.