Thursday, May 2, 2024
keralaNews

രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി.

കെ.കെ.രമ എംഎല്‍എയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കുന്നതായി എം.എം.മണി എംഎല്‍എ നിയമസഭയെ അറിയിച്ചു. കെ.കെ.രമ വിധവയായത് അവരുടെ വിധിയെന്നായിരുന്നു ജൂലൈ 14ന് എം.എം.മണി ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തന്റെ വാക്കുകളില്‍ മണി ഉറച്ചുനിന്നു. പാര്‍ട്ടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാമര്‍ശം പിന്‍വലിച്ചതെന്നാണ് സൂചന.‘യഥാര്‍ഥത്തില്‍ ആ പ്രസംഗത്തില്‍ തന്നെ എന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങിപോയി. സഭാ രേഖകള്‍ പരിശോധിച്ചാല്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, ചിന്തിച്ചിട്ടില്ല എന്നു കാണാനാകും. അത് അവരുടേതായ വിധി എന്നു ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു, ഒഴിവാകണമായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കുന്നു’എം.എം.മണി പറഞ്ഞു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു നിയമസഭയിലെ രമയുടെ പ്രസംഗം. രമയ്ക്കുശേഷം പ്രസംഗിച്ചപ്പോഴാണ് എം.എം.മണി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായിപോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’ഭര്‍ത്താവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമര്‍ശിച്ച്, കെ.കെ.രമയുടെ പ്രസംഗത്തിനു മറുപടിയായി എം.എം.മണി പറഞ്ഞു. തുടര്‍ന്ന്, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു.സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടാണമെന്ന് സ്പീക്കര്‍ പറഞ്ഞു. എം.എം.മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. എം.എം.മണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിനു ചേരാത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചതും ഡയസ്സിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതും തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും സ്പീക്കര്‍ പറഞ്ഞു.