മുന്‍ ഡിജിപി സിബി മാത്യുസിനെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിബി സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. സര്‍വീസ് സ്റ്റോറിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് സിബി മാത്യൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ എസ് പി ജോഷ്വോ നല്കിയ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ജോഷ്വോ നല്കിയ പരാതി ആദ്യം മണ്ണന്തല പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നു.
പിന്നീട് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. പരാതിക്കാരനായ കെകെ ജോഷ്വ സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട് അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാനാണ് മണ്ണന്തല പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്. കേസെടുക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബി മാത്യൂസ് പറഞ്ഞു. ഒരിക്കല്‍ ഹൈകോടതി പരിഗണിച്ച കേസാണിത്. ഇപ്പോള്‍ മറ്റൊരു ബെഞ്ചാണ് കേസെടുക്കണം എന്ന് വിധിച്ചിരിക്കുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു.