Saturday, April 27, 2024
indiakeralaNews

മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് പുറത്തുപോകാനുള്ള സമയം അവസാനിച്ചു

അനധികൃതമായി റേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നല്‍കിയ സമയ പരിധി കഴിഞ്ഞതോടെ ഇന്നലെ വൈകീട്ട് അഞ്ച് മണിവരെ ലഭിച്ചത് 6692 അപേക്ഷകള്‍. എ.എ.വൈ വിഭാഗത്തില്‍ 515, മുന്‍ഗണന വിഭാഗ(പി.എച്ച്.എച്ച്) 3353,എന്‍.പി.എസ് വിഭാഗത്തില്‍ 2824 അപേക്ഷകളുമാണ് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി ലഭിച്ചത്. ഇന്നലെ വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം . ഇന്ന് മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അയ്യപ്പ ദാസ് ഫറഞ്ഞു. നടപടി ശക്തമാക്കിയതോടെ സ്വയം മാറാന്‍ അപേക്ഷയുമായി ആയിരങ്ങള്‍. അപേക്ഷ നല്‍കാതിരുന്ന് പിന്നീട് പരിശോധനയിലൂടെ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ആളുകള്‍ സ്വ.ം ഒഴിഞ്ഞു പോകലിന് അപേക്ഷ നല്‍കിയത്. അനര്‍ഹമായി 2016 നവംബര്‍ മുതല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴയീടാക്കും. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടി സ്വീകരിക്കും. റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യുകയും ചെയ്യും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യും. അര്‍ഹരായ ആയിരക്കണക്കിന് പേര്‍ മുന്‍ഗണനാ പട്ടികയില്‍പെടാതെ നില്‍ക്കുമ്‌ബോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ ആദായ നികുതി അടയ്ക്കുന്നവര്‍ വരെ മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടി ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. തൃശൂര്‍, തലപ്പിള്ളി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലായി കഴിഞ്ഞ ഒരു മാസത്തിലുള്ളിലാണ് ഇത്രയേറെ അപേക്ഷകള്‍ ലഭിച്ചത്. നേരത്തെ ജൂണ്‍ 30 നകം അപേക്ഷ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം .എന്നാല്‍ പിന്നീടത് ജൂലായ് 15 വരെ നീട്ടുകയായിരുന്നു.

മൂന്നു വിഭാഗങ്ങളായി എറ്റവും കൂടുതല്‍ അപേക്ഷ നല്‍കിയത് തൃശൂര്‍ താലൂക്കിലാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 2230 പേരാണ് ഒഴിവാക്കല്‍ അപേക്ഷ നല്‍കിയത്. എറ്റവും കുറവ് കൊടുങ്ങല്ലൂര്‍ താലൂക്കിലാണ്. 557 അപേക്ഷകളാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

ലഭിച്ച അപേക്ഷകള്‍

തൃശൂര്‍ 2230

തലപ്പിള്ളി 1122

ചാവക്കാട് 865

മുകുന്ദപുരം 686

ചാലക്കുടി 1232

കൊടുങ്ങല്ലൂര്‍ 557

ആകെ അപേക്ഷകള്‍ 6692

അനര്‍ഹരായവര്‍ അപേക്ഷ നല്‍കാതെ ആനുകൂല്യം കൈപ്പറ്റുന്നത് കണ്ടുപിടിച്ചാല്‍ വന്‍ പിഴയാണ് ഉണ്ടാവുക. എ.എ.വൈ കാര്‍ഡുടമയ്ക്ക് മാസം 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്ബും സൗജന്യമാണ്. അനര്‍ഹരാണെന്ന് കണ്ടുപിടിച്ചാല്‍ ഒരു കിലോ അരിക്ക് 64 രൂപ നിരക്കിലാണ് പിഴ. ഗോതമ്ബിന് 20, പഞ്ചസാരയ്ക്ക് 25 രൂപയും ഈടാക്കും. അരിക്ക് 64 രൂപ കണക്കാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് എകദേശം 23,000 രൂപ പിഴയടക്കേണ്ടി വരും.