Thursday, May 16, 2024
keralaNews

മുട്ടില്‍ മരംമുറി:ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

 പ്രതികള്‍ ഭൂരിഭാഗവും കര്‍ഷകരും ഭൂഉടമകളും

പട്ടയഭൂമിയിലെ മരം മുറിയില്‍, പ്രതികള്‍ഭൂരിഭാഗവും കര്‍ഷകരും ഭൂഉടമകളും ആണന്നും ഇവര്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ മാത്രമെ തെളിഞിട്ടുള്ളുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ അടക്കം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണസംഘം അറിയിച്ചു. പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച് കോടതി വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് അധിക സത്യവാങ്ങ്മൂലം നല്‍കിയത്.

കേസില്‍ അന്വേഷണം തൃപ്തികരമല്ലന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. വന്‍ തോതിലുള്ള മരം മുറിക്ക് പിന്നില്‍സംസ്ഥാന തലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. പട്ടയരേഖകളും മരംമുറി അനുമതിയുമായി ബന്ധപ്പെട്ട ആസൂത്രിത വില്ലേജ് രേഖകളും പരിശോധിച്ചു. പട്ടയഭുമിയിലെ മരങ്ങളുടെ എണ്ണവും മുറിച്ചതും നീക്കിയതുമായ മരങ്ങളുടെ എണ്ണം സംബന്ധിച്ചും കളക്ടര്‍ മാറോടും റവന്യൂ കമ്മീഷണറോടും റിപോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രതികളുടേയും പ്രധാന സാക്ഷികളുടേയും ഫോണ്‍ വിളി രേഖകള്‍ ശേഖരിച്ചു. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. റോജി അഗസ്റ്റിന്റേയും രണ്ടാം പ്രതി ഷെമീറിന്റേയും ബാങ്ക് രേഖകളിലും പരിശോധന തുടരുകയാണ്. ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കുടുതല്‍ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം ശരിയായ രീതികില്‍പുരോഗമിക്കുകയാണന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസിലെ 68 പ്രതികളില്‍ ചുരുക്കം പേരെയെ അറസ്റ്റ് ചെയ്തിട്ടുള്ളു എന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. പ്രതികള്‍ക്കെതിരെ നൂറു രൂപ പിഴ ചുമത്താവുന്ന കേസുകളാണ് എടുത്തിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. സത്യവാങ്ങ്മൂലം പരിഗണിച്ച കോടതി കേസ് വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.