Saturday, May 18, 2024
keralaNews

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും പ്രതിഷേധം.

കണ്ണൂര്‍ :മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പ് നഗരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി. മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് തളിപ്പറമ്പിലേക്കു പുറപ്പെട്ടു.മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പൊലീസുകാരെ വിന്യസിച്ചു. സിറ്റി, റൂറല്‍ പരിധിയിലെ ഏതാണ്ട് മുഴുവന്‍ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രി കടന്നുപോകുന്ന സമയം ഇടറോഡുകള്‍ അടച്ചിട്ടേക്കും. തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണു മുഖ്യമന്ത്രി ഇന്നു 10.30ന് തളിപ്പറമ്പില്‍ എത്തുന്നത്.

ഇതിന്റെ ഭാഗമായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചു. ചടങ്ങില്‍ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നല്‍കിയിട്ടുമുണ്ട്. ഉത്തര മേഖല ഡിഐജി രാഹുല്‍ ആര്‍.നായര്‍ സുരക്ഷയ്ക്കു മേല്‍നോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണര്‍, റൂറല്‍ എസ്പി എന്നിവരുടെ നേതൃത്വത്തില്‍ 5 ഡിവൈഎസ് പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍, 45 എസ്‌ഐമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.