Friday, May 17, 2024
indiakeralaNews

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ ജനറലായി മലയാളി

കൊല്‍ക്കത്ത :വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ സൂപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ (71) തിരഞ്ഞെടുത്തു. ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണമേഖലയുടെ റീജനല്‍ സുപ്പീരിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. തൃശൂര്‍ മാള സ്വദേശിയാണ്.

13 വര്‍ഷമായി ഈ ചുമതല വഹിക്കുന്ന ജര്‍മന്‍ സ്വദേശിയായ സിസ്റ്റര്‍ മേരി പ്രേമയാണു നിലവില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍. അനാരോഗ്യം മൂലം പദവി ഒഴിയണമെന്ന് അവര്‍ താല്‍പര്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിസ്റ്റര്‍ മേരി ജോസഫിനെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തത്. നേപ്പാളില്‍ നിന്നുള്ള സിസ്റ്റര്‍ നിര്‍മല ജോഷി ആയിരുന്നു മദര്‍ തെരേസയ്ക്കു പിന്നാലെ ഈ സ്ഥാനം വഹിച്ചത്. അതിനു പിന്നാലെ സിസ്റ്റര്‍ മേരി പ്രേമയും. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ മേരി ജോസഫ്.പൊയ്യ പാറയില്‍ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളായ സിസ്റ്റര്‍ മേരി ജോസഫ് പൊയ്യ എകെഎം സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം 20ാം വയസ്സിലാണു സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നത്. മദര്‍ തെരേസയോടൊപ്പം ഏറെ നാള്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഫിലിപ്പീന്‍സ്, പോളണ്ട്, പാപുവ ന്യൂഗിനി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കാലത്താണ് കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്നു കേരള റീജന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.