Tuesday, May 14, 2024
keralaNewspolitics

മാധ്യമങ്ങള്‍ ഇനിയെങ്കിലും നിലപാട് തിരുത്തുമോ.. എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിയ്ക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിയ്ക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകളും പ്രവര്‍ത്തനരീതിയും പുനഃപരിശോധിക്കുമെന്ന് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.                                                                                              പറയുന്നതുപോലെ നടക്കുമോ എന്നതു മറ്റൊരു കാര്യം. തെരഞ്ഞെടുപ്പില്‍ വിജയം നേടിയവരും ഫലം വിലയിരുത്തും. പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തും. കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ഇതെല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.എന്നാല്‍, ജനാധിപത്യത്തിന്റെ നാലാംതൂണെന്ന് കണക്കാക്കപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമോ പ്രതികരണമോ കാണുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.”-ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു
വാസ്തവത്തില്‍, നിഷേധ രാഷ്ട്രീയം മുറുകെ പിടിച്ച യുഡിഎഫിനും വിദ്വേഷ രാഷ്ട്രീയം തീവ്രമായി ഉയര്‍ത്തിയ ബിജെപിക്കും മാത്രമല്ല തിരിച്ചടി നേരിട്ടത്. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വിശ്വാസ്യതയില്‍ വലിയ ഇടിവുണ്ടായി. ഇടതുപക്ഷ സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ അവര്‍ സംഘടിതമായി നടത്തിയ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞു. എന്നിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തത്? ഞങ്ങള്‍ ഈ നാട്ടുകാരേ അല്ല എന്ന മട്ടില്‍ ഇരിക്കാന്‍ വായനക്കാരോടും പ്രേക്ഷകരോടും ഉത്തരവാദിത്തമുള്ളവര്‍ക്ക് കഴിയുമോ?- അദ്ദേഹം ചോദിക്കുന്നു.നുണയും അപവാദവും പ്രചരിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടതിന്റെ കാരണങ്ങളും ലേഖനത്തില്‍ അക്കമിട്ടു നിരത്തുന്നു.