Thursday, May 2, 2024
keralaNews

മഴക്കെടുതിയില്‍ ഇന്ന് അഞ്ചുമരണം.

മഴക്കെടുതിയില്‍ ഇന്ന് അഞ്ചുമരണം. ഉരുള്‍പൊട്ടലില്‍ മൂന്നുവയസുകാരി നുമ തസ്മിന്‍, രാജേഷ് എന്നിവരാണ് മരിച്ചത്. കോട്ടയം കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട റിയാസിന്റെയും കോതമംഗലം ഉരുളന്‍ തണ്ണിയില്‍ വനത്തില്‍ കാണാതായ പൗലോസിന്റെയും മുളന്തുരുത്തിയില്‍ ഒഴുക്കില്‍പ്പെട്ട അനീഷിന്റെ മൃതദേഹവും കണ്ടെത്തി. പുല്ലകയാറ്റിലൂടെ ഒഴുകിയെത്തിയ സാധനങ്ങള്‍ പിടിക്കുന്നതിനിടെയാണ് റിയാസ് അപകടത്തില്‍ പെട്ടത്. ഇതോടെ രണ്ടുദിവസമായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി.ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച രണ്ടര വയസ്സുകാരി നുമ തസ്മിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് കാണായ ചന്ദ്രനായുള്ള തിരിച്ചില്‍ തുടരുകയാണ്. മലയോര മേഖലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഉരുള്‍ പൊട്ടിയ മല വെള്ളം വീടുകളിലേയ്ക്ക് കയറുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. തൃശൂര്‍ ചേറ്റുവയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ടു മത്സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളായ രണ്ട് പേരെയാണ് ഇന്നലെ കാണാതായത്.തീവ്രമഴയെ തുടര്‍ന്ന് കണ്ണൂരിലും കോട്ടയത്തും മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടി. കണ്ണൂര്‍ പേരാവൂരില്‍ നാലിടത്താണ് ഉരുള്‍പൊട്ടിയത്, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി, അന്‍പതോളം കടകളില്‍ വെളളം കയറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്മാറ്റി ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ അതിശക്തമഴ തുടരുമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.