Sunday, May 19, 2024
keralaNews

മലയാളത്തിലെ ആദ്യകാല നാടക ആചാര്യൻ വി.എസ്. ആൻഡ്രൂസ്  ചരമദിനം ഇന്ന്  

മലയാളത്തിലെ ആദ്യകാല നാടക ആചാര്യൻമാരിൽ ഒരാളായിരുന്നു വി എസ് ആൻഡ്രൂസ് 53 – മത് ചരമ ദിനം (1872 –  1968) ഇന്ന്. മലയാളത്തിലെ ആദ്യ സംഗീത നാടകമായ ഇസ്താക്കി ചരിതം (1892)എഴുതിയത് ഇദ്ദേഹമാണ്.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ആത്മകഥയായ ‘തീർത്ഥയാത്ര’യിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. മലയാള നാടകവേദിയെപ്പറ്റി പറയുമ്പോൾ തീർച്ചയായും എടുത്തുപറയേണ്ട പേരാണ് വി.എസ്. ആൻഡ്രൂസിന്റേത്. ആൻഡ്രൂസ് മാസ്റ്റർ എന്ന് പരക്കേ അറിയപ്പെടുന്ന വി.എസ്. ആൻഡ്രൂസാണ് തമിഴ് നാടകക്കമ്പനികൾ കൈയ്യടക്കി വെച്ചിരുന്ന മലയാള നാടകവേദിയെ മോചിപ്പിച്ച് കൊണ്ടുവന്നതും മോടിപിടിപ്പിച്ച് ഇന്നത്തെ രീതിയിലാക്കിയതും.
എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമത്തിൽ 1872 മെയ് 5 ന് ജനനം.പിതാവ് സാംജോൺ. മാതാവ് ജോണമ്മ. ആലപ്പുഴ തുമ്പോളിയിലെ ഒരു സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച ആ ബാലൻ പിന്നീട് താന്നിക്കൽ ശങ്കു ആശാനിൽനിന്ന് തമിഴും തർക്കാലങ്കാരാദികളും സ്വായത്തമാക്കി. അതിനുശേഷം കണ്ടപ്പനാശാനിൽനിന്ന് സംഗീതവും സിമിയോ അണ്ണാവിയുടെ കീഴിൽ തമിഴും പഠിച്ച ആൻഡ്രൂസ് ഇക്കാലത്ത് നാട്ടിൽ വരാറുള്ള തമിഴ് നാടകങ്ങളുടെ സ്ഥിരം പ്രേക്ഷകനായി. തമിഴ് നാടകാചാര്യന്മാരായിരുന്ന ശ്രീനിവാസ ആൾവാർ, പരമേശ്വര അയ്യർ എന്നിവരുടെ കീഴിൽ തമിഴ്നാട്ടിൽ പോയി പരിശീലനം നടത്തിയ ആൻഡ്രൂസ് പതിനെട്ടാമത്തെ വയസ്സിൽ തമിഴിൽ ആദ്യ നാടകം രചിച്ചു.
അക്കാലത്തെ തമിഴ്നാടക രചനാശൈലിയെ പൂർണമായി ഉൾക്കൊണ്ട് എഴുതിയ കന്നി നാടകമായിരുന്നു ‘ജ്ഞാനമോഹിനി’.ഈ നാടകത്തിനു പിന്നാലെ സാമൂഹിക പശ്ചാത്തലത്തിലുള്ള ‘സുകുമാരസുതന്തിരം’ എന്ന മറ്റൊരു തമിഴ് നാടകവും അദ്ദേഹത്തിന്റെതായി പുറത്തിറങ്ങി. ഇമ്പമാർന്ന ഗാനങ്ങളുള്ള ഈ രണ്ട് നാടകങ്ങളും അദ്ദേഹത്തെ പെട്ടെന്ന് പ്രശസ്തനാക്കി. പിൽക്കാലത്ത് തമിഴ്നാടകങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പൂർണ്ണമായും മലയാളത്തിൽ നാടകങ്ങൾ എഴുതി തുടങ്ങി. അങ്ങനെയാണ് ഇസ്താക്കി ചരിതം രചിച്ചത്. ഇമ്പമാർന്ന രാഗങ്ങൾ, ലളിതഭാഷയിലെഴുതിയ കവിതകളിൽ അവ ചാലിച്ചെടുത്ത മൂന്നോ നാലോ പാട്ടുകൾ, ലാളിത്യമേറിയ ചെറിയ സംഭാഷണങ്ങൾ, പരിമിതപ്പെടുത്തിയ കഥാപാത്രങ്ങൾ എന്നിവ മലയാളക്കരയിലെ പ്രേക്ഷകരെ ഹഠാദാകർഷിച്ചു. പുരാണങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആൻഡ്രൂസ് മാസ്റ്റർ അരങ്ങിലെത്തിച്ചപ്പോൾ വൻ സ്വീകരണമുണ്ടായി. 23 നാടകങ്ങൾ ഉൾപ്പെടെ നാൽപ്പത്തിയേഴ് കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ, സംഗീത സംവിധായകനും നടനുമായ വിമൽകുമാർ, ശിവപ്രസാദ്, ഓച്ചിറ വേലുക്കുട്ടി, പാപ്പുക്കുട്ടി ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്നിങ്ങനെ വലിയൊരു ശിഷ്യസമ്പത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നു. മരണം 1968 ആഗസ്റ്റ് 27 ന് ഇദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞു.
പ്രമുഖകൃതികൾ
നാടകം
ഇസ്തിക്കിചരിതം
ജ്ഞാനസുന്ദരി
പറുദീസ നഷ്ടം
മുട്ടാളപ്പട്ടാളം
കാലകോലാഹലം
വിശ്വാസവിജയം
രാമരാജ്യം
അക്ബർ മഹാൻ
കാർന്നോരുടെ കലാപ്രണയം
നിയമസഭാ കലാപം
ഭക്തിധീരൻ
ശാന്തിസന്ദേശം
ശ്രീയേശുനാടകം
ഖണ്ഡകാവ്യം ……
മഹാത്മജി
എന്റെ വെളിപാട്