Thursday, May 2, 2024
keralaLocal NewsNews

ഭക്തിയുടെ നിറക്കാഴ്ചയൊരുക്കി എരുമേലി പേട്ടതുള്ളല്‍ ഭക്തി സാന്ദ്രമായി .

അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ട തുള്ളലിനായി സ്വർണ്ണതിടമ്പ് കൊച്ചമ്പലത്തിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്നു .

ശരണമന്ത്രങ്ങളുടെ സംഗമഭൂമിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിറവേറ്റി എരുമേലിയില്‍ ചരിത്ര പ്രസിദ്ധമായമായ പേട്ടതുള്ളല്‍ ഭക്തി സാന്ദ്രമാക്കി.ശബരിമല തീര്‍ഥാടനത്തിന് സമാപനം വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ – ആലങ്ങാട് ദേശക്കാരുടെ എരുമേലി പേട്ടതുള്ളലാണ് ഭക്തിയുടെ ദൈവീക സാന്നിധ്യവും,വര്‍ണ്ണ വിസ്മയങ്ങളുടെ നിറക്കാഴ്ചയും ഒരുക്കി കൊണ്ടാടിയത്.
ചരിത്രത്തിലാദ്യമായി കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പേട്ടതുള്ളല്‍ സംഘത്തില്‍ എണ്ണം കുറഞ്ഞ സംഘാംഗങ്ങളാണ് ഇത്തവണ പേട്ട തുള്ളിയത്.11.20 ന് കൊച്ചമ്പലത്തിന് കിഴക്ക് ഭാഗത്തായി അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ നിറസാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് പറന്നുയര്‍ന്നതോടെ
പേട്ടപ്പുറപ്പാടിനുള്ള അനുവാദമായി.വാദ്യമേളങ്ങളും – ശരണമന്ത്രങ്ങളും ഉയരുമ്പോള്‍ കൊച്ചമ്പലത്തില്‍ പൂജകഴിഞ്ഞ് തിടമ്പ് ഏറ്റുവാങ്ങുന്നതിനിടെ മറ്റൊരു ചരിത്രത്തിനും അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലിന് പേട്ട കൊച്ചമ്പലം വേദിയായി.

പേട്ട കൊച്ചമ്പലത്തിന് മുകളിൽ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട പറന്നപ്പോൾ
ചരിത്രത്തിലാദ്യമായി ശ്രീകൃഷ്ണപ്പരുന്ത് അമ്പലത്തിന് തൊട്ടുമുകളിലായി പ്രത്യക്ഷപ്പെട്ടതാണ് ഏറെ ശ്രദ്ധേയമായത് . ഈശ്വര ചൈതന്യമായി ശ്രീകൃഷ്ണപ്പരുന്ത് ക്ഷേത്രത്തിന്  മുകളിൽ പറന്നതും ഭക്തജനങ്ങളെ  വിശ്വാസത്തിന്റെ ആനന്ദലഹരിയും  ദൃശ്യമായി.ആദ്യം നടന്ന അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിന്  അമ്പലപ്പുഴ കരപെരിയോൻ  എൻ . ഗോപാലകൃഷ്ണപിള്ള,സംഘം പ്രസിഡന്റ്  ആർ.ഗോപകുമാർ , വൈസ് പ്രസിഡന്റ്  ജി. ശ്രീകുമാർ , ജോ. സെക്രട്ടറി വിജയമോഹന്‍,ഖജാന്‍ജി കെ .ചന്ദ്രകുമാര്‍ , കമ്മറ്റി അംഗം കെ.റ്റി ഹരികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചമ്പലത്തില്‍ നിന്നും വാവര് പള്ളിയില്‍ കയറിയ പേട്ട സംഘത്തെ ജമാത്ത് കമ്മറ്റി പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുകയും,തുടര്‍ന്ന് പ്രദക്ഷിണം വച്ചും , വാരുടെ പ്രതിനിധിയായ ജമാത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാനേയും ചേര്‍ത്താണ് സംഘം വലിയ അമ്പലത്തിലേക്ക് യാത്ര തിരിച്ചത്.ആകാശ നെറുകയില്‍ വെള്ളി നക്ഷത്രം ദൃശ്യമായതോടെയാണ് കൊച്ചമ്പലത്തില്‍ ഉച്ചക്ക് ശേഷം 3.15 ഓടെ രണ്ടാമത്തെ സംഘമായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്.അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയതിനാല്‍ ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെ കൊച്ചമ്പലത്തില്‍ നിന്നും നേരെ വലിയ അമ്പലത്തിലേക്ക് നീങ്ങുകയും ചെയ്തു.

അമ്പലപ്പുഴ പേട്ട തുള്ളൽ സംഘം പെരിയോനെ എൻ. ഗോപാലകൃഷ്ണപിള്ളയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ എൻ . വാസു കൊച്ചമ്പലത്തിൽ വച്ച് പൊന്നാട അണിയിക്കുന്നു.

ഐശ്വര്യത്തിന്റേയും – സമാധാനത്തിന്റേയും പ്രതീകമായി ചന്ദനവും – ഭസ്മവും ദേഹമാസകലം പൂശി, തിടമ്പും, കൊടിയും , ഗോളകയുമായി ആലങ്ങാട് സംഘം പേട്ടതുള്ളിയപ്പോള്‍ പേരിന് ഛായം ദേഹത്ത് പൂശിയാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളിയത്.ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളലിന് സംഘം പെരിയോന്‍ എ.കെ വിജയകുമാര്‍ അമ്പാടത്ത് യോഗം പ്രതിനിധി പുറയാറ്റ് കളരി രാജേഷ് കുറുപ്പ്, പീതാംബരന്‍,എന്നിവര്‍ നേതൃത്വം നല്‍കി.കോവിഡിന്റെ പശ്ചാത്തലത്തില്‍ 50 പേരുമായാണ് ഇരുസംഘങ്ങളും പേട്ടതുള്ളലിനെത്തിയത്. ദേവസ്വം ബോര്‍ഡ് നല്‍കിയ ഗജവീരനായ മലയാലപ്പുഴ രാജനാണ് ഇരു സംഘങ്ങളുടേയും ഭഗവത് ചൈതന്യമായ തിടമ്പുകേളേറ്റിയത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരണമന്ത്രങ്ങളുമായി ഭക്തിയുടെ നിറച്ചാര്‍ത്തേകി അടുത്ത വര്‍ഷത്തെ പേട്ടതുള്ളല്‍ സര്‍വ സന്നാഹങ്ങളും ഒരുക്കി ലക്ഷങ്ങള്‍ക്ക് സാക്ഷിയാകണെമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇരുസംഘങ്ങളുടെയും പേട്ടതുള്ളല്‍ സമാപിച്ചത്.ഇരുസംഘങ്ങളേയും പേട്ട കൊച്ചമ്പലത്തില്‍ വച്ച് ദേവസ്വം ഭാരവാഹികള്‍ പൊന്നാടയും,പൂമാലയും ചാര്‍ത്തിയാണ് സ്വീകരിച്ചത്.ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തിയ ഇരു സംഘങ്ങേളേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ .എന്‍ വാസു,മെമ്പര്‍മാരായ പി എം തങ്കപ്പന്‍,കെ.എസ് രവി,ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര വാര്യര്‍,അസി. ദേവസ്വം കമ്മീഷണര്‍ ഒ.ജി ബിജു,എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ആര്‍ രാജീവ്, വലിയമ്പലം മേശാന്തി എം പി ശ്രീവത്സന്‍ നമ്പൂതിരി,കീഴ്ശാന്തി എ. എന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി, ബിജെപി സംസ്ഥാന സമിതി അംഗം എന്‍ ഹരി,
ജില്ലാ പോലീസ് സുപ്രണ്ട് ജി,ജയദേവ് ഐ പി എസ് .എന്നിവര്‍ പേട്ട സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ സ്വീകരിച്ചു.