Tuesday, May 14, 2024
keralaLocal NewsNews

പ്ലാച്ചേരിയിൽ പാലത്തിനു വീതി ഇല്ല;വാഹന യാത്രക്കാർ ആശങ്കയിൽ

എരുമേലി: എരുമേലി – റാന്നി റോഡിൽ കൊല്ലം – തേനി ദേശീയപാതയിലേക്ക് എത്തുന്ന പ്ലാച്ചേരി ജംഗ്ഷനിലെ പാലത്തിന് വീതി ഇല്ല . എരുമേലി, റാന്നി,മണിമല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക്  സുരക്ഷിതമായി പാലത്തിലൂടെ സഞ്ചരിക്കാനാകാതെ വാഹനയാത്രക്കാരും അപകട ഭീഷണിയിലാണ് . കോടികൾ ചിലവഴിച്ച കൊല്ലം-തേനി ദേശീയപാത നിർമാണം പൂർത്തീകരിച്ചുവെങ്കിലും ഈ റോഡിലേക്ക് എത്തുന്ന പ്ലാച്ചേരി പാലത്തിന് വീതി കൂട്ടാൻ അധികൃതർ തയ്യാറായില്ല. വീതികുറഞ്ഞ പാലത്തിന് സമീപത്തുള്ള ബസ്റ്റോപ്പിൽ യാത്രക്കാർക്ക് എത്തുന്നതിനും വളരെ പ്രയാസമാണ്.ഇരുചക്രവാഹനങ്ങളും ,  ഓട്ടോയും അടക്കമുള്ള ചെറുവാഹനങ്ങളും,ബസ്സ് ,  ടിപ്പർ അടക്കമുള്ള വലിയ വാഹനങ്ങളും ഒരേസമയം സഞ്ചരിക്കുന്ന ഈ പാതയിലെ പാലം അടിയന്തരമായി വീതി കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പകൽനേരങ്ങളിൽ ഉണ്ടാകുന്ന ടിപ്പറുകളുടെ ഓട്ടവും മറ്റു യാത്രക്കാർക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും  നാട്ടുകാർ പറഞ്ഞു .ശബരിമല തീർഥാടകർ കൂടി സഞ്ചരിക്കുന്ന ഈ പാതയിൽ സൈൻ ബോർഡുകളുടെ അപര്യാപ്തതയും വാഹന യാത്രക്കാർക്ക് ദുരിതമാണ് .