Tuesday, May 14, 2024
keralaNewspolitics

പ്രിയങ്ക വീണ്ടും വരുന്നു: ഇത്തവണ മുരളിക്കായി നേമത്ത്.

നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോ നടത്താന്‍ പ്രിയങ്ക ഗാന്ധി മറ്റന്നാള്‍ വീണ്ടും തിരുവനന്തപുരത്തെത്തും. കന്യാകുമാരിയിലെ പ്രചാരണത്തിനു ശേഷമാകുമിത്. ചൊവ്വാഴ്ച തലസ്ഥാനത്തു പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്കു നേമം മണ്ഡലത്തില്‍ നിശ്ചയിച്ച റോഡ് ഷോയില്‍ പങ്കെടുക്കാനായിരുന്നില്ല.

സമയക്കുറവും പൊലീസിന്റെ എതിര്‍പ്പുമാണു കാരണമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുക എന്ന വലിയ ദൗത്യം ഏല്‍പിച്ചിട്ട് റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതില്‍ നേമത്തെ സ്ഥാനാര്‍ഥി കെ.മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം മുരളീധരന്‍ എത്തിയെങ്കിലും വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. ഇന്നലെ രാവിലെ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കാണാനെത്തിയപ്പോഴാണ് റോഡ് ഷോയ്ക്കായി നേമത്തു വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിച്ചത്. സന്ദര്‍ശിക്കാനെത്തിയ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിനോടും താന്‍ പ്രചാരണത്തിനെത്തുമെന്നു പ്രിയങ്ക അറിയിച്ചു.

കന്യാകുമാരിയില്‍നിന്നു റോഡ് മാര്‍ഗമാണു പ്രിയങ്ക തിരുവനന്തപുരത്തേക്ക് എത്തുന്നതെങ്കില്‍ നെയ്യാറ്റിന്‍കരയിലും അല്‍പസമയം ചെലവഴിക്കാന്‍ ആലോചിക്കുന്നുണ്ട്. ചൊവ്വാഴ്ച കാട്ടാക്കടയില്‍ പ്രിയങ്കയുടെ യോഗത്തില്‍ നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.