Friday, May 17, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ സത്താറിനെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി : പോപ്പുലര്‍ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തില്‍ അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.  ബിനാമി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടല്‍, ഭീകരസംഘടനകളിലേക്കുളള റിക്രൂട്‌മെന്റ് എന്നിവയും പരിശോധിക്കുന്നുണ്ട്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ അക്രമങ്ങളെപ്പറ്റിയും എന്‍ഐഎ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. ഈ അക്രമം നടത്തിയവരിലൂടെ സംഘടനയുടെ താഴേത്തട്ടിലേക്കെത്താം എന്നാണ് അന്വേഷണ ഏജന്‍സിയുടെ കണക്കുകൂട്ടല്‍. നിരോധനത്തിന് പിന്നാലെ കേരളത്തിലെ ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് നേതാക്കള്‍ക്കാണ് സുരക്ഷയൊരുക്കുന്നത്. ഇവര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാലത്തലത്തില്‍ കൂടിയാണ് അടിയന്തര സുരക്ഷ ഏര്‍പ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ്‌ഐയുടെ ഹിറ്റ് ലിസ്റ്റില്‍ കൂടി ഉള്‍പ്പെട്ടവരാണ് എന്നാണ് വിവരം.