Tuesday, May 21, 2024
indiaNewspolitics

പൊതുജനങ്ങളുടെ പരാതികള്‍ 45 ദിവസത്തിനുള്ളില്‍ തീര്‍പാക്കണം; കേന്ദ്രസര്‍കാര്‍

പൊതുജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്രസര്‍കാര്‍. നിലവില്‍ 60 ദിവസത്തിനകം പരാതികള്‍ തീര്‍പാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് 45 ദിവസമായി വെട്ടിച്ചുരുക്കി കേന്ദ്രസര്‍കാര്‍ ഉത്തരവിറക്കുകയായിരുന്നു.

പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മുന്‍ഗണന നല്‍കി മൂന്നു ദിവസത്തിനകം തീര്‍പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.2020ല്‍ 22 ലക്ഷം പരാതികളാണ് കേന്ദ്രസര്‍കാരിന് ലഭിച്ചത്. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. ഇതിന് പ്രത്യേകം പോര്‍ടല്‍ തയാറാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 12 ലക്ഷം പരാതികള്‍ ലഭിച്ചതായാണ് റിപോര്‍ടുകള്‍. പരാതി ലഭിച്ച് ഉടന്‍ തന്നെ പരിഹാരം കാണാനാണ് സര്‍കാര്‍ ഉത്തരവില്‍ പറയുന്നത്.

നിലവില്‍ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനം അതിവേഗത്തിലാണ് പരാതികള്‍ തീര്‍പാക്കുന്നത്. 87 ശതമാനം മന്ത്രാലയങ്ങളും വകുപ്പുകളും 45 ദിവസത്തിനകം പരാതികളില്‍ തീര്‍പ് കല്‍പിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് സര്‍കാര്‍ ഉത്തരവിറക്കിയത്.