Saturday, May 18, 2024
keralaLocal NewsNews

പുഴ പുനർജനി പദ്ധതി ; എരുമേലി വലിയ തോട്ടിലെ മണൽവാരി തുടങ്ങി. 

എരുമേലി: സംസ്ഥാന സർക്കാരിന്റെ  പുഴ പുനർജനി പദ്ധതിയുടെ ഭാഗമായി എരുമേലി വലിയ തോട്ടിലെ മണൽവാരി തുടങ്ങി.പദ്ധതിക്കായി  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 25 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
കഴിഞ്ഞ പ്രളയ കാലത്തിനുശേഷം  പുഴകളുടെ പുനസൃഷ്ടിയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ മാത്രം 15 ലക്ഷത്തോളം രൂപയാണ്  പദ്ധതിക്കായി ചെലവഴിച്ചതെന്ന് അധികൃതർ പറഞ്ഞു.ഇതിന്റെ ഭാഗമായാണ്  എരുമേലി പഞ്ചായത്തിലെ വലിയതോട്ടിലും മണൽവാരൽ തുടങ്ങിയത്. ഇന്നലെ ആരംഭിച്ച മണൽ വാരൽ ഇരുപതിലധികം ലോഡുകളാണ് ഇതുവരെ നീക്കിയത്.
100 ലോഡിലധികം മണൽ വരുമെന്നാണ് കണക്കുകൂട്ടുന്നത്.വാരി എടുക്കുന്ന മണൽ ലേലം ചെയ്യുകയും  പഞ്ചായത്തിനും – ഇറിഗേഷൻ വകുപ്പുമായി നിശ്ചിത തുക നൽകുമെന്നും അധികൃതർ  പറഞ്ഞു. എന്നാൽ ആദ്യഘട്ടത്തിൽ മണൽവാരൽ അനുവദിച്ച തുക  അപര്യാപ്തമായതിനാൽ  തോട്ടിലെ മണൽവാരൽ നിർത്തി വെക്കേണ്ട സാഹചര്യമാണെന്നും  അധികൃതർ  പറയുന്നു. വാരിയെടുത്ത മണൽ ലേലം ചെയ്തതിന്  ശേഷം തുടർന്ന് പണം ലഭിച്ചാൽ മാത്രമേ മണൽവാരൽ പുനരാരംഭിക്കാൻ സാധ്യതയുള്ളൂയെന്നും പറഞ്ഞു. ഇറിഗേഷൻ വകുപ്പിന്റെ  മൈനർ വിഭാഗമാണ്  മണൽവാരലിന് നേതൃത്വം നൽകുന്നത്. എരുമേലി വലിയ തോട്ടിൽ നിന്നും വാരുന്ന മണൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സൂക്ഷിക്കുന്നത് . പുഴകളിലെ മണൽ വാരുന്നതോടെ വെള്ളപ്പൊക്കം അടക്കം  ഭീഷണിയിൽ നിന്നും രക്ഷപ്പെടാനാകുമെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പദ്ധതി കഴിഞ്ഞദിവസം  ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ്  ഉദ്ഘാടനം ചെയ്തത് . എന്നാൽ വലിയ തോട്ടിൽ നിന്നും വാരി എടുക്കുന്ന മണൽ ഒരു കിലോമീറ്റർ ദൂരത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിക്കുന്നതിനെതിരെ ബിജെപി രംഗത്ത് വന്നു. അഴിമതി നടത്താനാണ് ദേവസ്വം ബോർഡ് വക സ്ഥലം ഉണ്ടായിട്ടും മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണൽവാരി ഇടുന്നെതെന്നും ബിജെപി ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി ആരോപിച്ചു. അടിയന്തരമായി  മണൽ ദേവസ്വം ബോർഡ് പാർക്കിൽ മൈതാനത്ത്  തന്നെ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .