Wednesday, May 15, 2024
keralaNewspolitics

പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ വഞ്ചിച്ചു: കെ മുരളീധരന്‍

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് കെ. മുരളീധരന്‍ എംപി. നിയമപരമായ തിരിച്ചടി ഭയന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാടാര്‍ വിഭാഗത്തിന് സംവരണം നല്‍കാതിരുന്നതെന്നും ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്നും മുരളീധരന്‍ പറഞ്ഞു. പത്ത് വോട്ടിന് വേണ്ടി സമുദായങ്ങളെ വഞ്ചിക്കുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒബിസി യില്‍ ഉള്‍പ്പടുത്തി സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ വന്ന പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹരജിയിലായിരുന്നു കോടതി വിധി. സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന സുപ്രിം കോടതി വിധി ഉദ്ധരിച്ചാണ് ഹൈക്കോടതി നടപടി.2021 ഫെബ്രുവരി ആറാം തിയ്യതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന്‍ ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 73 സമുദായങ്ങള്‍ നിലവില്‍ ഒബിസി പട്ടികയില്‍ ഉണ്ട്. ഒരു സമുദായം കൂടി ഉള്‍പ്പെടുന്നതോടെ സംവരണത്തോത് കുറയും. കേന്ദ്രത്തിന്റെ അധികാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്.