Tuesday, May 21, 2024
keralaNews

പാലക്കാട് യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി.

 

പാലക്കാട് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാര്‍ ഉത്സവത്തിനിടെ കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്‌ഐ പഴമ്പാലക്കോട് മേഖലാ കമ്മിറ്റിയംഗമായ മിഥുനാണ് ആലത്തൂര്‍ സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആറു സിപിഎം പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലായിരുന്നു.മാര്‍ച്ച് 2നു വൈകിട്ട് പഴമ്പാലക്കോട് വടക്കേപാവടി മാരിയമ്മന്‍ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചു സത്യകുംഭം പുഴയില്‍ ഒഴുക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഘര്‍ഷം. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടു ലാത്തി വീശി ഇവരെ പറഞ്ഞുവിട്ടു.പിന്നീട് ചടങ്ങുകള്‍ക്കു ശേഷം മടങ്ങുമ്പോഴാണു വീണ്ടും സംഘര്‍ഷമുണ്ടായതും അരുണ്‍കുമാറിനു കുത്തേറ്റതും. ആന്തരികാവയവങ്ങള്‍ക്കു മുറിവേറ്റതു മൂലം മാര്‍ച്ച് 11നു വൈകിട്ടു മരിച്ചു.രാഷ്ട്രീയ കൊലപാതകമല്ലെന്നും ഉത്സവത്തോടനുബന്ധിച്ചു നടന്ന തര്‍ക്കത്തിന്റെ ഭാഗമായിട്ടുണ്ടായ സംഘട്ടനമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞിരുന്നു.