Tuesday, May 14, 2024
keralaNews

പാലക്കാട് മലമ്പുഴയിലും യൂട്യൂബര്‍മാരുടെ അഭ്യാസം

പാലക്കാട് മലമ്പുഴയിലും യൂട്യൂബര്‍മാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി ബോധപൂര്‍വം മറിച്ചിട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. അമിതവേഗതയിലും അപകടരമായ രീതിയിലും വാഹനമോടിച്ചത് തൃശൂര്‍ സ്വദേശിയും സംഘവുമെന്നാണ് വിവരം. മോട്ടോര്‍ വാഹനവകുപ്പും പൊലീസും അന്വേഷണം തുടങ്ങി.

ഏപ്രില്‍ ആദ്യവാരമായിരുന്നു മലമ്പുഴ കവയിലെ ഈ അഭ്യാസപ്രകടനം. നിരത്തിലിറങ്ങും മുന്‍പ് പുത്തന്‍ ടയറുള്‍പ്പെടെ മാറ്റി. വാഹനം നേരെ നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കി. അവിടെയായിരുന്നു പിന്നീടുള്ള നിയമലംഘനം. ഓരോ ചലനവും ഒപ്പിയെടുക്കാന്‍ നിരവധി ക്യാമറകള്‍. അപകടരമായ രീതിയിലാണ് മറ്റൊരു വാഹനത്തില്‍ തൂങ്ങിക്കിടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞദിവസമാണ് യൂട്യൂബര്‍മാര്‍ വിഡിയോ പ്രചരിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ നിയമലംഘനം വ്യക്തമാണെന്നും വിപുലമായ അന്വേഷണം തുടങ്ങിയതായും ആര്‍ടിഒ പറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. പ്രാഥമികമായി കടുത്ത നിയമലംഘനമുണ്ടെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ വ്യാപ്തി വിപുലമായ അന്വേഷണത്തിലൂടെ മനസിലാക്കും. അഭ്യാസ പ്രകടനത്തിന് അനുമതിയില്ലാത്തതും വാഹനം മോടികൂട്ടിയതും പരിശോധിച്ച് വേണ്ട നടപടിയെടുക്കും. വാഹനം അനുമതിയില്ലാതെ ഡാമിലിറക്കിയതിന് ജലവിഭവ വകുപ്പും പൊലീസിനെ സമീപിക്കും. ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി മലമ്പുഴ സിഐ അറിയിച്ചു.