Wednesday, May 15, 2024
keralaNews

പാര്‍ലമെന്റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി മാറ്റിവെച്ചു

പാര്‍ലമെന്റിലേക്ക് തിങ്കളാഴ്ച നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി മാറ്റിവെച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അന്നേദിവസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം താങ്ങു വില ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ ഡിസംബര്‍ 4 ന് ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. അതേസമയം മിനിമം താങ്ങുവിലയ്ക്കായി നിയമനിര്‍മാണം തല്‍ക്കാലമുണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്തു വന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ പ്രധാന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങിയതോടെയാണ് കടുത്ത സമര പരിപാടിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങാനുള്ള സംഘടനകളുടെ തീരുമാനം.കര്‍ഷകരുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. മിനിമം താങ്ങു വില ഉള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കര്‍ഷകര്‍ എഴുതിയ കത്തിന് മറുപടി ലഭിക്കാത്തത്തിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി. മിനിമം താങ്ങുവില, സീറോ ബജറ്റ് കൃഷി എന്നിവയ്ക്കായി സമിതി രൂപീകരിക്കുന്നതോടെ കര്‍ഷകരുടെ ആവശ്യം അംഗീകരിക്കപ്പെട്ടതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലും നഷ്ടപരിഹാരത്തിന്റെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും കൃഷി മന്ത്രി പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാന്‍ കിസാന്‍ മോര്‍ച്ച യോഗതീരുമാനം. അടുത്ത യോഗം ഡിസംബര്‍ നാലിന്. അതുവരെ പുതിയ സമരങ്ങള്‍ ഉണ്ടാവില്ല. ആറ് ആവശ്യങ്ങള്‍ കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി, ഒരു മറുപടിയും വന്നില്ല. ഈ രീതി ശരിയല്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ലെന്നും കിസാന്‍ മോര്‍ച്ച.