Thursday, May 16, 2024
keralaNews

പാകിസ്ഥാനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്

പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമ്പൂര്‍ണ വിലക്ക്. വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് നാലു മണി വരെയാണ് ട്വിറ്റര്‍, ഫെയ്‌സ്ബുക് ഉള്‍പെടെയുള്ള എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെയും താത്കാലികമായി വിലക്കി കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. നിലവില്‍ പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇത് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി എന്നാണ് റിപോര്‍ടുകള്‍. ഫെയ്‌സ്ബുക്, ട്വിറ്റര്‍ എന്നിവയ്ക്ക് പുറമേ വാട്‌സ്ആപ്പ്, യൂട്യൂബ്, ടെലിഗ്രാം, ടിക് ടോക് എന്നിവയാണ് വിലക്ക് നേരിടുന്ന മറ്റു പ്രധാന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍. ഉത്തരവ് പാലിക്കാന്‍ ഉടനടി നടപടി സ്വീകരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.

തീവ്ര ഇസ്ലാമിക് പാര്‍ടിയായ തെഹ്രീക്-ഇ-ലബായ്ക് പാകിസ്ഥാനെ (ടിഎല്‍പി) തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാകിസ്ഥാന്‍ സര്‍കാര്‍ നിരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര കലാപം തുടരുകയാണ്. കലാപത്തില്‍ ഏഴ് പേര്‍ മരിക്കുകയും 300 ലധികം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ടിയുടെ അനുയായികളും പ്രവര്‍ത്തകരും തങ്ങളുടെ തലവന്‍ സാദ് റിസ്വിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധം നടത്തിവരുന്നത്.