Thursday, May 2, 2024
Newspoliticsworld

പാകിസ്താനില്‍ അവിശ്വാസ വോട്ടെടുപ്പ് ഏപ്രില്‍ 9 ശനിയാഴ്ച പത്ത് മണിക്ക് നടത്തണം

ഇസ്ലാമാബാദ്:ഇമ്രാന്‍ഖാന് തിരിച്ചടി. പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീംകോടതി റദ്ദാക്കി.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി പാക് സുപ്രീം കോടതി റദ്ദാക്കി.

പാക് ദേശീയ അസംബ്ലി പിരിച്ചു വിട്ട നടപടിയും റദ്ദാക്കിയ കോടതി പാകിസ്താന്‍ ദേശീയ അസംബ്ലി പുന;സ്ഥാപിച്ചു. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബന്ദ്യാല്‍ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്തത് ഭരണഘടാനാ വിരുദ്ധമാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ പാക് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് പിരിച്ചു വിടാന്‍ ഇമ്രാന്‍ ഖാന് നിര്‍ദ്ദശിക്കാനുള്ള അധികാരമോ അവകാശമോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഏപ്രില്‍ 9 ശനിയാഴ്ച പത്ത് മണിക്ക് നടത്താനും കോടതി ഉത്തരവിട്ടു. രാജ്യ വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് 6-7 മാസം വരെ സമയം വേണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ തെഹ് രീ കെ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് വേണ്ടി അഭിഭാഷകരായ ബാബര്‍ അവാനും പ്രസിഡന്റ് ആരിഫ് ആല്‍വിയ്ക്കായി അലി സഫറുമാണ് കോടതിയില്‍ ഹാജരായത്.

ഇന്ന് ഉച്ചയ്ക്ക് കേസ് പരിഗണിച്ച കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി പ്രഥമദൃഷ്ട്യാ ആര്‍ട്ടിക്കിള്‍ 95 ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ചിരുന്നു.90 ദിവസത്തോളം രാജ്യം നിസ്സഹായരായി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയ കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായി തന്നെ വിധിയുണ്ടാവുമെന്ന് തന്നെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

ഇന്ന് ഉച്ചയോടെ പൊതു തിരഞ്ഞെടുപ്പിന് തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെട്ട് പാക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ മേല്‍ കനത്ത പ്രഹരവുമായി സുപ്രീം കോടതി വിധിയെത്തിയത്. 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. വീണ്ടും അധികാര കസേരയിലേറാനുള്ള ഇമ്രാന്റെ തന്ത്രങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്ന് വിധി വന്നിരിക്കുന്നത്.