Saturday, May 18, 2024
keralaNews

പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ലിസ്റ്റുകാര്‍ക്ക് വാക്സിന്‍ നല്‍കില്ല ഡോക്ടര്‍ക്ക് മര്‍ദ്ദനം

വിതരണം ചെയ്തതില്‍ ബാക്കിവന്ന 10 ഡോസ് വാക്സിന്‍ പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ലിസ്റ്റുകാര്‍ക്ക് കൂട്ടുനില്‍ക്കാത്ത ഡോക്ടറെ സിപിഎം നേതാക്കള്‍ മര്‍ദിച്ചതായി പരാതി .ആലപ്പുഴ കൈനകരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്രബോസിനാണ് മര്‍ദനമേറ്റത്. ഡോക്ടറുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഎം പ്രാദേശികനേതാക്കളുടെ വാദം.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

ബാക്കിവന്ന 10 ഡോസ് വാക്സിന്‍ നല്‍കാന്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് ലിസ്റ്റ് നല്‍കിയെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഈ ലിസ്റ്റിനെതിരെ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം തന്നെ രംഗത്തുവന്നു. ക്രമവിരുദ്ധമായി വാക്സിന്‍ വിതരണം ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ മര്‍ദിച്ചെന്നാണ് ഡോക്ടറുടെ പരാതി. കഴുത്തിന് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഡോക്ടര്‍മാരുടെ സംഘടന. ഡോക്ടറുടെ പരാതിയില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ്, സിപിഎം കൈനകരി ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, ക്രമവിരുദ്ധമായി വാക്സിന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.