Sunday, May 12, 2024
indiaNewsworld

നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാട്ടിക് സിംഹങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യാട്ടിക് സിംഹങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 380 ഏക്കറിലായി പരന്ന് കിടക്കുന്ന മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന സിംഹങ്ങള്‍ സുഖം പ്രാപിച്ച് വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാല് ആണ്‍ സിംഹങ്ങളും നാല് പെണ്‍സിംഹങ്ങളുമുണ്ട്. കൊറോണയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് സിംഹങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുളര്‍ ബയോളജിയില്‍ നിന്നാണ് സിംഹങ്ങളുടെ ടെസ്റ്റ് നടത്തി അസുഖം സ്ഥിരീകരിച്ചത്. സിംഹങ്ങള്‍ സുഖമായി ഇരിക്കുന്നതായി നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ ഡോ.സിദ്ധാനന്ത് കുക്രേതി പറഞ്ഞു.കഴിഞ്ഞ 24ന് സിംഹങ്ങള്‍ക്കിടയില്‍ മൂക്കൊലിപ്പ്, ചുമ, വിശപ്പ് കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സാംപിളുകള്‍ എടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്. അടുത്തിടെ പാര്‍ക്കിലെ 25ഓളം ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം മൃഗങ്ങളിലേക്ക് രോഗം പകര്‍ന്നതെന്നാണ് അനുമാനം. പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ച് ഏഷ്യാട്ടിക് സിംഹം മരിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്ന നാഷണല്‍ പാര്‍ക്കുകള്‍, മൃഗസംരക്ഷണ പ്രദേശങ്ങള്‍, സംരക്ഷിത വന മേഖലകള്‍ എന്നിവ അടച്ചിടണമെന്നും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലും കഴിഞ്ഞ മാസം എട്ട് കടുവകള്‍ക്കും സിംഹങ്ങള്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിലും നായ്ക്കളിലും പൂച്ചകളിലും മുന്‍പ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.