Wednesday, May 15, 2024
keralaNews

നെടുങ്കണ്ടത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ബിഡിഒയും പിആന്റ്എം ഓഫീസറും വിജിലന്‍സ് പിടിയില്‍

രാജാക്കാട് കള്ളിമാലിയില്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കുളം നിര്‍മാണത്തിനായി 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും, എക്സ്റ്റന്‍ഷന്‍ ഓഫീസറും വിജിലിന്‍സിന്റെ പിടിയില്‍.
ബിഡിഒ ഷൈമോന്‍ ജോസഫ്, പിആന്റ്എം ഓഫീസര്‍ എന്‍.ഇ. നാദിര്‍ഷ എന്നിവരെയാണ് കോട്ടയം വിജിലന്‍സ് പിടികൂടിയത്. കള്ളിമാലിയില്‍ പരാതിക്കാരന്റെ വീടിന് സമീപത്ത് നിന്നുമാണ് അറസ്റ്റ്. കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതി പ്രകാരം കുളം നിര്‍മിക്കുന്നതിനായി 25 ലക്ഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചിരുന്നു. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. കാലാവധി പുതുക്കുന്നതിനായി ഗുണഭേക്താക്കളുടെ യോഗം ചേര്‍ന്ന് മിനിറ്റസ് എഴുതേണ്ടതുണ്ട്. ഇത് വ്യാജമായി പരാതിക്കാരന്റെ വീട്ടില്‍ വച്ച് എഴുതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടു.പരാതിക്കാരന്റെ 7 ഏക്കര്‍ സ്ഥലത്താണ് പ്രസ്തുത കുളം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. പരാതിക്കാരനാണ് പദ്ധതിയുടെ ഗുണം ഏറ്റവും കൂടുതല്‍ ലഭിക്കുക എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി കൈക്കൂലിയായി തുക ആവശ്യപ്പെടുകയായിരുന്നു. വിവരം ഇയാള്‍ വിജിലന്‍സിനെ അറിയിച്ചു. വീടിനുള്ളില്‍ വേഷം മാറി ഒളിച്ചിരിക്കുകയായിരുന്ന സംഘം കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇരുവരെയും കയ്യോടെ പൊക്കി. ഇടുക്കി ഡിവൈ. എസ്പി വി.ആര്‍. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ജില്ലയില്‍ അടുത്തിടെ ഇത്തരത്തില്‍ രണ്ട് കൈക്കൂലി അറസ്റ്റുകള്‍ നടന്നിരുന്നു.