Wednesday, May 15, 2024
keralaNewsUncategorized

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുന്നത്. കേസില്‍ അധിക കുറ്റപത്രം നല്‍കാന്‍ മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായതിനാല്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.

കൂടാതെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകള്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിചാരണ വൈകിപ്പിക്കാനാണ് കൂടുതല്‍സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ വാദം.ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്.

അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്.

പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.ദൃശ്യങ്ങള്‍ തന്റെ പക്കലില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.